ഇനിയും പന്ത് ഫ്‌ളോപ്പായാല്‍ അവരിലൊരാള്‍ ടീമിലേക്ക്; സെലക്ടര്‍ പറയുന്നു

മോശം ഫോം തുടരുമ്പോഴും വിമര്‍ശനങ്ങള്‍ക്ക് മുഖം കൊടുക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ബംഗ്ലാദേശ് പര്യടനത്തിലും അവസരം നല്‍കിയിരിക്കുകയാണ് സെലക്ടര്‍മാര്‍. എന്നാല്‍ ഇനിയും പന്ത് പരാജയമായാലോ? അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ സെലക്ടര്‍ സാബാ കരീം.

റിഷഭ് പന്തിന്റെ സ്ഥാനം നേടിയെടുക്കാന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും കാത്തിരിക്കുകയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരേ റിഷഭ് കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ബംഗ്ലാദേശിനെതിരേ അവന്റെ പ്രകടനം എങ്ങനെയാവുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നു. ടീം മാനേജ്മെന്റ് അവന്റെ കൃത്യമായ ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കണം.

അഞ്ചാം നമ്പറിലാണ് റിഷഭിനെ കളിപ്പിക്കേണ്ടത്. ഈ പരമ്പരയിലും റിഷഭിന് തിളങ്ങാനായില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്തണം. അത് സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ മതി- സാബ കരീം പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് മത്സര ഏകദിന പരമ്പര നാളെ ആരംഭിക്കും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളെല്ലാം ബംഗ്ലാദേശിനെതിരേ അണിനിരക്കും. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലേക്കെത്തി.

ഇന്ത്യ സാദ്ധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്/ ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി.