"ഇന്ത്യ ഇങ്ങോട്ട് മര്യാദ കാണിച്ചില്ലെങ്കിൽ നമ്മൾ അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ല"; തുറന്നടിച്ച് ഷാഹിദ് അഫ്രിദി

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയത്വം വഹിക്കുന്ന കാര്യങ്ങളിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ ഐസിസിയുടെ പ്രധാന തലവേദന. പാകിസ്ഥാനിൽ മത്സരങ്ങൾ നടത്തിയാൽ ഇന്ത്യ പകെടുക്കില്ല എന്ന നിലപാടിലാണ് ബിസിസിയും കേന്ദ്ര മന്ത്രാലയവും. എന്നാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നാൽ വൻ സാമ്പത്തീക പ്രശ്നങ്ങൾക്ക് അത് വഴിയൊരുക്കും. അത് കൊണ്ട് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനാണ് ഐസിസി തീരുമാനിക്കുക.

എന്നാൽ ഹൈബ്രിഡ് മോഡലിൽ നടത്തിയാൽ പാക്കിസ്ഥാൻ മുന്നോട്ട് വെക്കുന്ന മൂന്നു ഉപാധികൾ ഐസിസി അംഗീകരിക്കണം എന്നാണ് അവരുടെ നിലപാട്. ഒന്ന്: ഇന്ത്യ സെമി ഫൈനൽ ഫൈനൽ എന്നി റൗണ്ടുകളിൽ പ്രവേശിച്ചില്ലെങ്കിൽ ഈ മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെ നടത്തണം. രണ്ട്: അടുത്ത വർഷത്തെ ഐസിസി വാർഷികവരുമാനത്തിൽ കൂടുതൽ തുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകണം. മൂന്നു: 2031 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണം.

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ബഹിഷ്കരിക്കണമെന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി.

ഷാഹിദ് അഫ്രിദി പറയുന്നത് ഇങ്ങനെ:

“ടീമിനെ ഇന്ത്യയിൽ കളിക്കാൻ പാകിസ്താൻ അയക്കേണ്ടതില്ല. പാകിസ്താൻ ക്രിക്കറ്റ് സ്വയംപര്യാപ്തതയോടെ ശരിയായ തീരുമാനങ്ങളെടുത്ത് ശക്തമായി മുന്നോട്ടുപോകണം. ഇന്ത്യക്ക് പാകിസ്താനിൽ വന്ന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ പോയി ഒരു പരിപാടിയും കളിക്കേണ്ട ആവശ്യം നമുക്കില്ല” ഷാഹിദ് അഫ്രീദി പറഞ്ഞു.