ഭരതിന് പകരം അവനുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഈ ഗതി വരില്ലായിരുന്നു, പക്ഷേ രോഹിത് തഴഞ്ഞു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മ ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ അഭാവം നന്നേ പ്രതിഫലിക്കുന്നുണ്ട്. പന്തിന് പകരം വിക്കറ്റ് കീപ്പറായി ഇന്ത്യ ടീമിലുള്‍പ്പെടുത്തിയ കെഎസ് ഭരത് ബാറ്റില്‍ കാര്യമായ സംഭാവന നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ വൃദ്ധിമാന്‍ സാഹയ്ക്കായി വാദിക്കുകയാണ് ആരാധകര്‍. പന്തിനെ നിലനിര്‍ത്താന്‍ സാഹയെ ഇന്ത്യ തുടര്‍ച്ചയായി തഴഞ്ഞത് ഇപ്പോള്‍ തിരിച്ചടിയായെന്നാണ് ആരാധക വിമര്‍ശനം.

വിക്കറ്റിന് പിന്നില്‍ മികവ് കാട്ടാന്‍ സാഹക്ക് കഴിവുണ്ട്. പോരാത്തതിന് നിര്‍ണായക ഘട്ടത്തില്‍ ബാറ്റിംഗിലും തിളങ്ങാന്‍ താരത്തിനാകും. എന്നാല്‍ സാഹയെ പിന്തുണക്കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സാഹയുണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ഇത്രയും പ്രശ്നം നേരിടേണ്ടി വരില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

ഇന്ത്യ ഭാവി വിക്കറ്റ് കീപ്പറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് കെഎസ് ഭരത്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഭരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. 5 ഇന്നിംഗ്സില്‍ നിന്ന് വെറും 57 റണ്‍സ് മാത്രമാണ് താരം നേടിയത്.