ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ഹാർദിക്കല്ല നായകനെങ്കിൽ അദ്ദേഹത്തെ റിലീസ് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസിലാൻഡ് മുൻ താരം സൈമൺ ഡൗൾ.
‘മുംബൈ ഇന്ത്യൻസ് അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഹാർദിക്കിനെ ടീമിൽ നിലനിർത്തുന്നതിൽ അർത്ഥമില്ല. അടുത്ത വർഷം ആരായിരിക്കും നിങ്ങളുടെ ക്യാപ്റ്റൻ? ഹാർദിക് പാണ്ഡ്യയല്ല ആ സ്ഥാനത്തെങ്കിൽ അദ്ദേഹത്തെ റിലീസ് ചെയ്യുക’, ഡൗൾ തുറന്നടിച്ചു. ടീമും താരവും സീസണിൽ ഒരുപോലെ പരാജയപ്പെട്ട ഈ ഒരു അന്തരീക്ഷത്തിൽ നായകസ്ഥാനം നഷ്ടപ്പെട്ടാൽ ഹാർദിക്കിന് അത് മാനസികമായി വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. താൻ പരാജയപ്പെട്ടു എന്ന തോന്നൽ ഹാർദിക്കിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം, അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നായി നാല് പോയിന്റ് മാത്രമാണ് മുംബൈ ഇന്ത്യൻസിന്റെ സമ്പാദ്യം. കളിച്ച എട്ടിൽ ആറിലും തോൽവി ഏറ്റുവാങ്ങിയ ഹാർദിക്കിനും സംഘത്തിനും രണ്ട് മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വൈകിട്ട് 7:30നാണ് മുംബൈയുടെ അടുത്ത മത്സരം.







