ധോണി ഉണ്ടായിരുന്നെങ്കിൽ നീയൊന്നും ഇമ്മാതിരി പരിപാടി കാണിക്കില്ലായിരുന്നു: അമ്പാട്ടി റായിഡു

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിം​ഗ്സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ താരം അമ്പാട്ടി റായിഡു. ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെയാണ് സൂപ്പർ‌ കിം​ഗ്സിന്റെ ഡെത്ത് ഓവര്‍ ബോളിങ്ങിനെതിരെ റായിഡു തുറന്നടിച്ചത്.

മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 19-ാം ഓവറില്‍ 30 റണ്‍സാണ് ആര്‍സിബി താരം ടിം ഡേവിഡ് അടിച്ചെടുത്തത്. മത്സരത്തിനിടെ ‘എറൗണ്ട് ദി വിക്കറ്റ്’ പന്തെറിയാനുള്ള ഓവർട്ടന്റെ പരീക്ഷണമാണ് റായിഡുവിനെ ദേഷ്യം പിടിപ്പിച്ചത്.

‘പരിശീലന സമയത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുള്ളതാണ്. എങ്കിലും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാന്‍ എം എസ് ധോണി ഒരിക്കലും അനുവദിക്കില്ലായിരുന്നു. ബാറ്റര്‍മാര്‍ക്ക് ഇത്തരം ആംഗിളുകള്‍ നേരിടാന്‍ എളുപ്പമാണ്. ക്രീസിന് പുറത്തേക്ക് അല്പം നീങ്ങി നിന്നാല്‍ ഈ തന്ത്രം പാളും. അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബേസിക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്’ റായിഡു ചൂണ്ടിക്കാട്ടി.