'മകനേ മടങ്ങി വരൂ..'; കോഹ്‌ലി തന്റെ അക്കാദമിയിലേക്ക് തിരിച്ചെത്തണമെന്ന് ബാല്യകാല കോച്ച്

കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മുമ്പില്‍ പുതിയ നിര്‍ദ്ദേശം വെച്ച് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ്മ. കോഹ് ലി ഒന്നില്‍ നിന്ന് എല്ലാം തുടങ്ങണമെന്നും അതിനായി തന്റെ അക്കാദമിയിലേക്ക് താര മടങ്ങി വരണമെന്നും രാജ്കുമാര്‍ ആവശ്യപ്പെട്ടു.

‘വിരാട് കോഹ്‌ലി അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങിപ്പോവേണ്ടതായുണ്ട്. തീര്‍ച്ചയായും കോഹ്‌ലി തന്റെ അക്കാദമിയിലേക്ക് തിരിച്ചെത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഞാന്‍ ചിന്തിച്ചത്. അവനോട് സംസാരിക്കണം. അക്കാദമിയിലൂടെ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോഹ്‌ലിക്ക് സാധിക്കും. അവന്‍ ഇപ്പോഴത് ആവശ്യപ്പെടുന്നു.’

‘കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനായാല്‍ പഴയ പ്രതാപത്തിലേക്ക് അവന് തിരിച്ചെത്താനാവും. ബംഗളൂരുവിലെപ്പോലുള്ള പിച്ചില്‍ ശ്രേയസും റിഷഭും കളിച്ചതുപോലെയായിരുന്നു കളിക്കേണ്ടിയിരുന്നത്’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

അതിനിടെ, ടെസ്റ്റില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 50നു താഴേക്ക് പോയി. ടെസ്റ്റില്‍ ഇപ്പോള്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 49.96 ആണ്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ കോഹ്ലിയുടെ ശരാശരി 50ല്‍ താഴേക്കു പോയിരിക്കുന്നത്. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഫിഫ്റ്റി പ്ലസ് ബാറ്റിംഗ് ശരാശരിയെന്ന കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ന്നിരിക്കുകയാണ്. ഏകദിനത്തില്‍ 58.07ഉം ടി20യില്‍ 51.5ഉം ആണ് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി.