എതിർ ഭാഗത്ത് ധോണി നിന്ന സമയത്ത് എനിക്ക് നല്ല പേടി തോന്നിയിരുന്നു, വെളിപ്പെടുത്തലുമായി ഋഷി ധവാൻ

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) നിർണായകമായ അവസാന ഓവർ എറിഞ്ഞത് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) പേസർ ഋഷി ധവാനാണ്. അവസാന ആറ് പന്തുകളിൽ നിന്ന് പ്രതിരോധിക്കാൻ തനിക്ക് 27 റൺസ് ഉണ്ടായിരുന്നു, എന്തിരുന്നാലും എംഎസ് ധോണി ക്രിസിൽ നിൽക്കുമ്പോൾ തനിക്ക് നല്ല പേടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ ഋഷി ധവാൻ.

പഞ്ചാബിന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ, ധവാൻ തന്റെ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പറഞ്ഞത് “മഹി ഭായ് നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങളുടെ ഹൃദയം സ്പഷ്ടമായി തുടിക്കും. പക്ഷേ എന്റെ ഭാഗ്യത്തിന് കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. പ്രതിരോധിക്കാൻ ഞങ്ങൾക്ക് ഒരുപാട് റൺസ് ഉണ്ടായിരുന്നു. ഞാൻ രണ്ട് നല്ല പന്തുകൾ എറിഞ്ഞാൽ നമ്മൾ അനായാസം ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആരാധകർ മുഴുവൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആദ്യ പന്ത് അദ്ദേഹം സിക്‌സറിന് പറത്തിയെങ്കിലും തിരിച്ചുവരവ് നടത്താൻ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.”

ലോകം കണ്ട ഏറ്റവും മികച്ച ഫിനീഷറായ ധോണി ആദ്യ പന്ത് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിന് മുകളിലൂടെ അതിശയകരമായ സിക്‌സറിന് പറത്തിയിരുന്നു. അടുത്ത പന്ത ധവാൻ വൈഡ് എറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു . ഒരു അവസാന ഓവർ ത്രില്ലറിൽ മറ്റൊരു സെൻസേഷണൽ പ്രകടനം നടത്താൻ കാണികൾ മുഴുവൻ ധോണിയുടെ പേര് ഉച്ചരിക്കുകയും ചെയ്തപ്പോൾ ഭയപെട്ടിരുന്നതായി പഞ്ചാബ് നായകനും നേരത്തെ പറഞ്ഞിരുന്നു.

ഈ മത്സരത്തിലെ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ പഞ്ചാബിനായപ്പോൾ, തോൽവിയോടെ ചെന്നൈയുടെ സാധ്യതകൾ മങ്ങി.