ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ പാകിസ്ഥാൻ താരം സൽമാൻ അലി അഗയെ വിവാദപരമായ പുറത്താക്കി മെഹ്ദി ഹസൻ. തിരികെ ഡ്രസിങ് റൂമിലേക്ക് പോകും വഴി സൽമാൻ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് അമർഷം കാണിക്കുകയും ചെയ്തു. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അത്യപൂർവവും വിചിത്രവുമായ രീതിയിൽ സൽമാൻ അലി ആഗ പുറത്തായത്.
എന്നാൽ മിറാസിന്റെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഇങ്ങനെ പുറത്താക്കില്ലായിരുന്നു എന്ന് മത്സരശേഷം പാക് താരം സൽമാൻ അലി ആഗ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് താരം ലിറ്റൺ ദാസ്.
‘ഇവിടെ ആരും ചാരിറ്റി ലീഗ് കളിക്കാന്‍ വന്നതല്ല, ഇതൊരു അന്താരാഷ്ട്ര മത്സരമാണ്. നിയമപരമായി അത് ഔട്ടാണെങ്കില്‍, അവിടെ കായിക മര്യാദ ലംഘിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ച് അത് ഔട്ട് തന്നെയാണ്’ ദാസ് പറഞ്ഞു.
മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ ആ ഡെലിവറിയിൽ ബോളർക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോൺ-സ്‌ട്രൈക്കേഴ്സ് എൻഡിലായിരുന്ന സൽമാൻ അലി ആഘ ക്രീസിന് പുറത്തായിരുന്നു നിന്നിരുന്നത്.
പന്ത് കൈവശപ്പെടുത്താൻ ബോളർ മെഹ്ദി ഹസൻ ഓടിയെത്തിയെങ്കിലും, അതിനു മുൻപേ സൽമാൻ ആഗ കുനിഞ്ഞ് പന്ത് കയ്യിലെടുത്ത് ബൗളർക്ക് കൈമാറാൻ ശ്രമിച്ചു. എന്നാൽ താരം ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ മെഹ്ദി ഹസൻ ഉടൻ തന്നെ പന്ത് വാങ്ങി സ്റ്റംപ് ഇളക്കുകയും റണ്ണൗട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്‌തു. സൽമാൻ ക്രീസിന് പുറത്തായതിനാൽ അമ്പയർ ഔട്ട് വിളിച്ചു. 64 റൺസെടുത്ത് നിൽക്കെയാണ് സൽമാൻ മടങ്ങിയത്. പുറത്തായതിന് പിന്നാലെ മെഹ്ദി ഹസനോട് സൽമാൻ അലി ആഘ കയർക്കുന്നത് കാണാമായിരുന്നു.
Read more
ബംഗ്ലാദേശ് ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പ് ബഹിഷ്കരിച്ചിരുന്നു. അവരുടെ ബഹിഷ്‌കരണത്തിന് പാകിസ്ഥാൻ പിന്തുണ നൽകുകയും ചെയ്തു. വാർത്ത സമ്മേളനത്തിൽ ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ ആണെന്ന് വരെ പാക് താരം സൽമാൻ അലി ആഗ പറയുകയും ചെയ്തു. ഇങ്ങനെ പറഞ്ഞ താരത്തെ തന്നെ നാണംകെട്ട രീതിയിൽ പുറത്താക്കിയതിൽ വൻ വിമർശനമാണ് ഉയരുന്നത്.







