'ഞാൻ നേടുന്ന എല്ലാ ട്രോഫികളും അമ്മയ്ക്ക് അയച്ചു കൊടുക്കും, അതിനൊരു കാരണമുണ്ട്'; തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയാണ്. 91 പന്തുകളിൽ ഒരു സിക്‌സും എട്ട് ഫോറും അടക്കം 93 റൺസാണ് താരം അടിച്ചെടുത്തത്. വിരാട് കോഹ്ലി തന്റെ 45 ആം പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം കോഹ്‌ലിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതും. പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുക്കാറാണ് ഉള്ളതെന്നും ഇതുവരെ എത്ര അവാർഡുകൾ ലഭിച്ചുവെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നുമാണ് കോഹ്‌ലിയുടെ പ്രതികരണം. താൻ നേടുന്ന ട്രോഫികളെല്ലാം ഗുഡ്ഗാവിലുള്ള അമ്മയുടെ വീട്ടിലേക്കാണ് അയക്കാറുള്ളതെന്നും അമ്മയ്ക്ക് അവാർഡുകൾ സൂക്ഷിച്ചുവെക്കുന്നത് വലിയ ഇഷ്ടമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.