'അര്‍ജുന് എത്ര വേഗത്തില്‍ ബോള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം'; തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ

ബോളിംഗിലെ വേഗത്തെ കുറിച്ച് ഇപ്പോഴുള്ള വിമര്‍ശനങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ആളുകള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കുമെന്നും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ സച്ചിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അവയൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും ലീ പറഞ്ഞു.

ആളുകള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കും. നിങ്ങള്‍ സന്ദീപ് ശര്‍മയെ നോക്കിയാല്‍ അദ്ദേഹം 120 കിമി വേഗത്തിലാണ് ബോള്‍ ചെയ്യുന്നത്. അര്‍ജുന്‍ കുറഞ്ഞത് അതിനേക്കാള്‍ വേഗത്തിലെങ്കിലും ബോള്‍ ചെയ്യുന്നുണ്ട്. അവന് 23 വയസ് ആയതേയുള്ളൂ. കരിയര്‍ മുഴുവന്‍ അവന്റെ മുന്നിലുണ്ട്. വിമര്‍ശനങ്ങളെ ശ്രദ്ധിക്കരുതെന്നാണ് എനിക്കു നല്‍കാനുള്ള ഉപദേശം.

ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ അച്ഛന്‍ സച്ചിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ അദ്ദേഹം അവയൊന്നും മുഖവിലയ്ക്കെടുത്തില്ല. അര്‍ജുനും ഇതു മാതൃകയാക്കാനാണ് ശ്രമിക്കേണ്ടത്. അര്‍ജുന്‍ ഒരുപാട് കഴിവുകളുള്ള താരമാണ്. ടീമിലെ അന്തരീക്ഷവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സാധിച്ചാല്‍ 140 കി.മീ വേഗത്തില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന് കഴിയും. വലിയ ലൈറ്റുകള്‍ക്കും, കാണികള്‍ക്കും മുന്നില്‍ അവന്റെ ബോളിംഗിനു ഇനിയും വേഗം കൂടും. വേഗത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്നവും ഞാന്‍ കാണുന്നില്ല.

എത്ര വേഗത്തില്‍ അര്‍ജുന് ബോള്‍ ചെയ്യാന്‍ കഴിയുമെന്നു എനിക്കറിയാം. അവന് അതിനുള്ള കഴിവും എല്ലാ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ എനിക്കു നല്‍കാനുള്ള ഉപദേശം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടര്‍ന്നു കൊണ്ടു പോവൂയെന്നതാണ്- ലീ അര്‍ജുനെ ഉപദേശിച്ചു.