'വലിയൊരു സംഭാവന നല്‍കാമെന്നും എല്ലാത്തിനേയും മാറ്റിമറിക്കാമെന്നും ഞാന്‍ കരുതുന്നില്ല'; നിലപാട് വ്യക്തമാക്കി ബുംറ

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും ജസ്പ്രീത് ബുംറയിലാണ്. പരിക്കിനെ തുടര്‍ന്ന് ഒരു വലിയ ഇടവേളക്ക് ശേഷമാണ് ബുംറ കളത്തിലേക്ക് തിരിച്ചെത്തുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ പ്രകടനത്തിലേക്കാണ് ക്രിക്കറ്റിലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തന്നില്‍നിന്ന് ഉടന്‍ വലിയ സംഭവാനയൊന്നും പ്രതീക്ഷിക്കണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.

എല്ലാവരുടേയും അഭിപ്രായങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ആരുടെയും അഭിപ്രായങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ല. എന്നെ സ്വയം സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നില്‍ അനാവശ്യമായ പ്രതീക്ഷ ആരും വെക്കേണ്ടതായില്ല.

വലിയ ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ മത്സരം ആഘോഷിക്കുകയെന്നതാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ വലിയൊരു സംഭാവന നല്‍കാമെന്നും എല്ലാത്തിനേയും മാറ്റിമറിക്കാമെന്നും കരുതുന്നില്ല. ചെറിയ പ്രതീക്ഷകളോടെയാണ് ഞാന്‍ ഇറങ്ങുന്നത്. മറ്റുള്ളവര്‍ എന്നില്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കില്‍ അത് എന്റെ പ്രശ്നമല്ല അവരുടേതാണ്- ബുംറ പറഞ്ഞു.

അയര്‍ലന്‍ഡ് പരമ്പരയില്‍ ബുംറ മികവ് കാട്ടിയാലേ ഏഷ്യാ കപ്പിലേക്കെത്താനാവൂ. ഏഷ്യാ കപ്പിനു പിന്നാലെ ലോകകപ്പും വരുന്നതിനാല്‍ ബുംറ തിരിച്ചെത്തേണ്ടത് ഇന്ത്യയുടെ അത്യാവശ്യമാണ്.