എനിക്ക് സെലക്ടറോ ടീം മെന്ററോ ആകേണ്ട; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍

ബിസിസിഐയുടെയോ ഐപിഎലിലെയോ അധികാര സ്ഥാനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ബിസിസിഐ സെലക്ടര്‍ അല്ലെങ്കില്‍ കോച്ച്, ഐപിഎല്‍ ടീം മെന്റര്‍ ജോലി തുടങ്ങിയവയൊന്നും തനിക്ക് ആവശ്യമില്ലെന്ന് ചോപ്ര പറഞ്ഞു.

ഇല്ല, എനിക്ക് ഒരു സെലക്ടര്‍ അല്ലെങ്കില്‍ കോച്ച് എന്ന നിലയില്‍ ബിസിസിഐയുടെ റോള്‍ ആവശ്യമില്ല. എനിക്ക് ഒരു ഐപിഎല്‍ ടീമിലും ഒരു ഉപദേശകന്റെയോ കോച്ചിംഗ് റോളോ ആവശ്യമില്ല- ചോപ്ര പറഞ്ഞു.

കെഎല്‍ രാഹുലിന് ലഭിച്ച അവസരങ്ങള്‍ ഇപ്പോള്‍ പരിധിയിലെത്തിയെന്നും ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ പറഞ്ഞു. ഈ അവസ്ഥയിലും രാഹുലിനെ പിന്തുണച്ചതില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടുമുള്ള അതൃപ്തിയും അദ്ദേഹം തുറന്നുപറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിക്കറ്റ് താരമാണ് കെഎല്‍ രാഹുല്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് ടെസ്റ്റുകളില്‍ ടീം ഇന്ത്യ വിജയിച്ചെങ്കിലും, ഇന്ത്യന്‍ ഓപ്പണറുടെ സ്ഥാനം ഏറെക്കുറെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യ അനായാസം ജയിച്ച രണ്ട് ടെസ്റ്റുകളിലും രാഹുല്‍ ബാറ്റിംഗില്‍ മോശമായിരുന്നു.

ഇതിനിടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തിന് ഇപ്പോള്‍ നഷ്ടമായതിനാല്‍ പ്ലെയിംഗ് ഇലവനിലെയും സ്ഥാനം നഷ്ടമാകാന്‍ സാദ്ധ്യതയുണ്ട്.