ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. മോശമായ ഫോമിൽ നിന്ന സമയത്ത് കെ എൽ രാഹുലിനെ താൻ വിമർശിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.
രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:
Read more
“കെ എൽ രാഹുൽ ഒരുപാട് കഴിവുള്ള താരമാണ്. എന്നാൽ ആ കഴിവിനൊത്ത് പലപ്പോഴും മികവ് പുറത്തെടുക്കുന്നില്ല. അത് ക്രിക്കറ്റ് ലോകത്തെ അലോസരപ്പെടുത്തിയിരുന്നു. ആരും രാഹുലിന് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ കഴിവിനൊത്ത പ്രകടനം രാഹുലിൽ നിന്നുണ്ടാകാതെ വന്നപ്പോൾ അത് വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രാഹുൽ നന്നായി കളിക്കുന്നത് സന്തോഷം നൽകി” രവി ശാസ്ത്രി പറഞ്ഞു.