ഞാന്‍ നൂറ് ശതമാനം ഫിറ്റല്ല, എന്നിട്ടും ടീമിനായി കളിക്കുന്നു; വെളിപ്പെടുത്തലുമായി ചെന്നൈ താരം

പരിക്കിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനല്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ ദീപക് ചാഹര്‍. എംഎ ചിദംബരത്തില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സിഎസ്‌കെയുടെ വിജയത്തില്‍ ചാഹര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

പരിക്കുകള്‍ വളരെ ബുദ്ധിമുട്ടാണ്, ഓരോ തവണയും നിങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ നിങ്ങള്‍ പൂജ്യത്തില്‍ നിന്നാണ് പിന്നീട് ആരംഭിക്കുന്നത്. ഇപ്പോഴും 100% ഫിറ്റല്ല. പക്ഷേ ടീമിന് സംഭാവന നല്‍കാന്‍ ജോലി ചെയ്യാന്‍ ശ്രമിക്കുന്നു- ദീപക് ചാഹര്‍ പറഞ്ഞു.

ഏപ്രില്‍ 8 ന് ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരായ ഏറ്റുമുട്ടലിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചാഹര്‍ സീസണിനിടയില്‍ സൈഡ് ലൈനിലായിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചെത്തിയ താരം ചെന്നൈയുടെ വിജയത്തില്‍ നിര്‍മായക പങ്ക് ലഹിക്കുന്നുണ്ട്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്് 27 റണ്‍സിനാണ് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 167 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയപ്പോള്‍ ഡല്‍ഹി ക്യാംപില്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്കു മേല്‍ ദീപക് ചാഹറും മതീഷ പതിരാനയുമടങ്ങുന്ന ചെന്നൈ ബോളിംഗ് നിര പെയ്തിറങ്ങിയതോടെ അവര്‍ 140 റണ്‍സില്‍ ഒതുങ്ങി.