ഇംഗ്ലണ്ടിനെതിരെ നടന്ന ടി 20 യിൽ പൂർണ അധിപത്യത്തിലാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്. 4 -1 നു എന്ന നിലയിലാണ് ഇന്ത്യ വിജയിച്ചത്. അഭിഷേക് ശർമ്മ വരുൺ ചക്രവർത്തി എന്നിവർ ഗംഭീര പ്രകടനമാണ് പരമ്പരയിൽ ഉടനീളം കാഴ്ച വെച്ചത്. അവസാന ടി 20 യിൽ 54 പന്തുകളിൽ നിന്ന് 13 സിക്സറുകളും 7 ഫോറും അടിച്ച് 135 റൺസ് നേടുകയും, ബോളിങ്ങിൽ 2 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്യ്ത അഭിഷേക് ശർമ്മയുടെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
ഏകദിനത്തിലും ടെസ്റ്റിലും മോശമായ പ്രകടനം തുടർന്ന ഇന്ത്യൻ ടീമിന് ആശ്വാസമായത് ടി 20 യിലെ യുവ താരങ്ങളുടെ പ്രകടനമാണ്. പരിശീലകനായ ഗൗതം ഗംഭീറിന് ഇപ്പോൾ ആശ്വസിക്കാനാകുന്നതും യുവ താരങ്ങളുടെ പ്രകടനം ഒന്ന് മാത്രമാണ്. കളിക്കളത്തിൽ ഗൗതം ഗംഭീർ സജ്ജമാക്കിയ പദ്ധതികളെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” എല്ലാ കളിയിലും ടീം 240-260 സ്കോർ ചെയ്യണമെന്ന ഗംഭീറിന്റെ സമീപനം മികച്ചതാണ്. എനിക്കും ഈ സമീപനമാണ് ഉള്ളത്. ഗംഭീറിനോട് എനിക്ക് ഒരു നിർദേശമുണ്ട്. അക്രമണോസക്തമായ ഈ ബാറ്റിംഗ് മികവ് തുടരാൻ യുവ താരങ്ങളെ പരിശീലിപ്പിക്കുക. ഒരിക്കലും ഇംഗ്ലണ്ട് കളിക്കുന്നത് പോലെ ടീമിനെ കളിപ്പിക്കരുത്. അവർ കളിക്കുന്നത് ശരിയായ രീതിയിലല്ല” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.