അദ്ദേഹത്തിന്റെ ഉപദേശമാണ് എന്റെ തിരിച്ചുവരവിന് കാരണം; വെളിപ്പെടുത്തി ശിവം ദുബെ

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ. ഐപിഎല്ലില്‍ മികച്ച സീസണ്‍ അവകാശപ്പെടാനാവുന്ന താരത്തിന് എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനായി അയര്‍ലന്‍ഡ് പര്യടനം വരെ കാത്തിരിക്കേണ്ടിവന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിലും കരിയറിലെ മാറ്റത്തിനും പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

എല്ലാ കാര്യങ്ങളും എനിക്ക് പ്രകടിപ്പിക്കാനാവില്ല. ഞാന്‍ എന്റെ മത്സരത്തെ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ഏത് സാഹചര്യത്തില്‍ എങ്ങനെ കളിക്കണമെന്ന തിരിച്ചറിവുണ്ട്. എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് അറിയാം. ബോളറെ എങ്ങനെ ആശയക്കുഴപ്പത്തിലാക്കണമെന്ന് അറിയാം. ഇതെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ധോണിയില്‍ നിന്ന് വലിയ ഉപദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാനമായും പറഞ്ഞത് അവസാനം വരെ ക്രീസില്‍ നില്‍ക്കാനും മത്സരം ഫിനിഷ് ചെയ്യാനും ശ്രമിക്കാനാണ്. നിന്റെ ബാറ്റിംഗിലൂടെ നിരവധി ജയങ്ങള്‍ ടീമിന് നേടിക്കൊടുക്കാനാവും. അതുകൊണ്ടുതന്നെ നിന്റെ കഴിവില്‍ വിശ്വസിക്കണമെന്നാണ് ധോണി പറഞ്ഞത്- ശിവം ദുബെ പറഞ്ഞു.

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ കീഴിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് ദുബെ. ഇക്കഴിഞ്ഞ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 418 റണ്‍സാണ് താരം നേടിയത്. അതും 38 ശരാശരിയില്‍. 158 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 30 സിക്സും താരം പറത്തിയിരുന്നു.

2020 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരേയാണ് ദുബെ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. തുടക്കത്തില്‍ യുവരാജിന്റെ പിന്‍ഗാമി എന്ന് വാഴ്ത്തപ്പെട്ട താരം അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവാണ് സ്വപ്‌നം കാണുന്നത്.