അവനില്ലാത്തത് ടീമിനെ വളരെയധികം ബാധിക്കുന്നുണ്ട് ; സൂപ്പര്‍ താരത്തിന്റെ അഭാവം എണ്ണിയെണ്ണിപ്പറഞ്ഞ് രവീന്ദ്ര ജഡേജ

ലോകത്ത് ഒരു ടീമിന്റെയും നായകന്മാര്‍ ആഗ്രഹിക്കത്ത തുടക്കമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പുതിയ നായകന്‍ രവീന്ദ്ര ജഡേജയ്ക്ക് ഉണ്ടായിരിക്കുന്നത്. ധോണിയില്‍ നിന്നും നായകപദവി തേടിവന്നെങ്കിലും സീസണില്‍ കളിച്ച ആദ്യത്തെ മൂന്ന് മത്സരങ്ങളിലും വന്‍ തോല്‍വിയാണ് ചെന്നൈ ടീം ഏറ്റുവാങ്ങിയത്. ഇതോടെ രവീന്ദ്ര ജഡേജയുടെ തന്ത്രങ്ങളും സുപ്രധാന താരങ്ങളുടെ ഫോമില്ലായ്മയും ധോണിയുടെ ക്യാപ്റ്റന്‍സി കൈമാറലും തുടങ്ങി എല്ലാ വിവാദമാകുകയാണ്.

ടീം തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് മൂക്കു കുത്തുമ്പോള്‍ തങ്ങളുടെ പഴയ താരത്തെ ഓര്‍ത്ത് വിലപിക്കുയാണ് ജഡേജ. അവനുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് തോല്‍വി പിണയില്ലായിരുന്നെന്നും ടീം അദ്ദേഹത്തെ മിസ് ചെയ്യുന്നതായും ജഡേജ പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് പുറത്തുള്ള ദീപക് ചഹറിന്റെ അഭാവം തങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് ജഡേജ തുറന്ന് പറഞ്ഞു. പവര്‍പ്ലേകളില്‍ വിക്കറ്റുകള്‍ നേടുന്നത് അതീവ പ്രധാനമുള്ള കാര്യമാണെന്നും അതിനാല്‍ ദീപക് ചഹറിനെ ടീം മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ചെന്നൈ ഈ സീസണില്‍ ഏറ്റവും കുടുതല്‍ തുക മുടക്കി ടീമിലെടുത്ത താരമാണ് ദീപക് ചഹര്‍. എന്നാല്‍ ടൂര്‍ണമെന്റിന് തൊട്ടു മുമ്പ് താരം പരിക്കേറ്റു പുറത്താകുകയും ചെയ്തിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ ദയനീയമായി പരാജയപ്പെട്ടതോടെ തുടര്‍ച്ചയായി മൂന്ന് പരാജയങ്ങളെന്ന നാണക്കേട് കൂടിയാണ് ചെന്നൈയും ജഡേജയും കുറിച്ചത്. ബാറ്റിംഗിലും ബോളിംഗിലും പരാജയമാകുന്ന ടീം 2020 ലെ ദയനീയ പ്രകടനം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്ന യുവ ഓപ്പണര്‍ റുതുരാജ് ഗെയിക്ക്വാദ് ഫോമിലാകാത്തതും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ റുതു, പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഓരോ റണ്‍സ് വീതമാണ് നേടിയത്. എന്നാല്‍ ഋതു നിലവില്‍ മോശം ഫോമിലാണെങ്കിലും അദ്ദേത്തെ ടീം പിന്തുണയ്ക്കും എന്നാണ് ജഡേജ പറയുന്നത്. അവനില്‍ അമിത സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ അവന്റെ സമയമെടുക്കട്ടെയെന്നാണ് ജഡേജ പറയുന്നത്.