ഹോങ്കോംഗിനെതിരെ അവന്‍ ഭയന്ന് വിറച്ചു; ഇങ്ങനെ പോയാല്‍ രോഹിത്തിന്റെ കാലം വേഗം തീരുമെന്ന് ഹഫീസ്

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തോല്‍വി ഭയന്നിരുന്നെന്ന് പാക് മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്. ടോസിനെത്തിയപ്പോള്‍ രോഹിത് ശര്‍മയുടെ ശരീരഭാഷയില്‍ പേടിയും ആശയക്കുഴപ്പവും കാണാനാകുമായിരുന്നെന്നും ഇതൊരു നായകന് ചേര്‍ന്നതല്ലെന്നും ഹഫീസ് പറഞ്ഞു.

‘രോഹിത് ശര്‍മ ഇപ്പോള്‍ വളരെയധികം ആശയക്കുഴപ്പമുള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ഒന്നും പറയുന്ന കാര്യങ്ങള്‍ മറ്റൊന്നുമാണ്. ഇന്ത്യന്‍ ടീമിനു വേണ്ടി അത് കളിക്കാന്‍ ഇഷ്ടപ്പെടുന്നു, ഇതു കളിക്കാന്‍ ഇഷ്ടപ്പെടുന്നുയെന്നൊക്കെ രോഹിത് ശര്‍മ പറയുന്നു. പക്ഷെ അതു അങ്ങനെ സംഭവിക്കുകയും ചെയ്യുന്നില്ല. എനിക്ക് അതു കാണാന്‍ സാധിച്ചിട്ടില്ല.’

‘ഹോങ്കോങിനെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്ന് രോഹിത് ഭയപ്പെട്ടിരുന്നു. ഇതു ശരിയായ മാനസികാവസ്ഥയല്ല. ഇന്ത്യയുടെ പുതിയ ആക്രമണ സമീപനം രോഹിത്തിന്റെ ബാറ്റിംഗിലോ ശരീരഭാഷയിലോ കാണാനില്ലായിരുന്നു. ഈ നിലക്ക് പോയാല്‍ രോഹിത് അധികം നാള്‍ ക്യാപ്റ്റനായി തുടരില്ല’ ഹഫീസ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായി രണ്ട് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ ഫോറില്‍ എത്തി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെയുമാണ് ഇന്ത്യ തകര്‍ത്തത്. ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.