രോഹിതിന് പകരം അവൻ ടെസ്റ്റ് ടീം നായകനാകണം, നിർദേശവുമായി യുവരാജ്

ഇന്ത്യയുടെ ഭാവി ടെസ്റ്റ് ക്യാപ്റ്റൻ ആകാൻ ഏറ്റവും യോഗ്യനായ വ്യകതി വിക്കറ്റ് കീപ്പർ ഋഷഭ് പന്താണെന്നുള്ള അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് . എം.എസ്. ധോണിയുടെ മാതൃക ഉദാഹരണമായി ചൂണ്ടിക്കാട്ടിയ യുവരാജ്, ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം പന്തിന് കൊടുക്കണമെന്നും അദ്ദേഹത്തിന് വേണ്ട പിന്തുണ ബിസിസിഐ നൽകണം എന്നും അഭിപ്രായപ്പെട്ടു.

” അവനെ നല്ല രീതിയിൽ വാർത്തെടുക്കുക, അവന് വേണ്ട സമയം കൊടുക്കുക. കുറച്ച് നാളുകളായി അവന്റെ പ്രകടനം മെച്ചപ്പെട്ടാണ് വരുന്നത്. ശൂന്യതയിൽനിന്നല്ലേ ധോണി വന്നത്, ധോണിയെ അവർ ക്യാപ്റ്റനാക്കിയില്ലേ, പിന്നീടായിരുന്നു ധോണിയുടെ പരിണാമം. ഒരു വിക്കറ്റ് കീപ്പർ നന്നായി ചിന്തിക്കുന്ന ആളായിരിക്കും. കാരണം ഗ്രൗണ്ടിനെ ഏറ്റവും നന്നായി നോക്കിക്കാണാനാകുന്നത് വിക്കറ്റ് കീപ്പർക്കാണ്. ഭാവി ക്യാപ്റ്റനായി ഒരു യുവതാരത്തെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അ ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ അദ്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്. യുവാക്കളെ വിശ്വാസത്തിൽ എടുക്കുക എന്നതേ രക്ഷയുള്ളു.”

താരത്തിന് പക്വത ഇല്ലെന്നുള്ള പരാമർശങ്ങളോട് യുവിയുടെ പ്രതികരണം ഇങ്ങനെ “പന്തിന്റെ പ്രായത്തിൽ എനിക്കും പക്വത കുറവായിരുന്നു. അതേ പ്രായത്തിൽ ക്യാപ്റ്റനായി നിയമിതനായപ്പോൾ കോലിക്കും പക്വത കുറവായിരുന്നു. പക്ഷേ, പന്ത് മെച്ചപ്പെട്ടുവരുന്നുണ്ട്. ടെസ്റ്റിൽ പന്ത് ഇതിനകം തന്നെ 4 സെഞ്ചറികൾ നേടിക്കഴിഞ്ഞു. നിലവിൽ ഉള്ളതിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്സ്മാനായ പന്തിന് ഒരു ഇതിഹാസമാകാൻ സാധിക്കും.”

ഏകദിന ലോകകപ്പിൽ നിറം മങ്ങിയതിനു പിന്നാലെ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് ഇരുപത്തിയാറുകാരനായ ധോണി, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനായത്. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ധോണിയും കുട്ടികളും ആ വര്ഷം ലോകകപ്പ് നേടുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം എല്ലാ ഫോര്മാറ്റിലും ഇന്ത്യയുടെ നായകനായി എല്ലാ ഫോർമാറ്റിലും മാറുകയും ചെയ്യും.

ധോണിയെ പോലെ കൂൾ സമീപനം അല്ല പന്തിന്റെ. ആക്രമണ ശൈലിയാണ് പന്തിന് കൂടുതൽ ഇഷ്ടം.