അവന്‍ ചാമ്പ്യന്‍ ബോളര്‍, ലോക കപ്പ് ടീമിലെടുക്കണം; സ്വരം കടുപ്പിച്ച് ഹര്‍ഭജന്‍

യുസ്‌വേന്ദ്ര ചഹല്‍ ചാമ്പ്യന്‍ ബോളറാണെന്നും താരത്തെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ ചഹല്‍ മികച്ച പ്രകടനം നടത്തുന്ന പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍ ഈ ആവശ്യം മുന്നില്‍വച്ചത്.

ചഹല്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. അതു തുടരുക. വിക്കറ്റിന്റെ ശരിയായ ഇടങ്ങളില്‍ ബോള്‍ പിച്ച് ചെയ്യിക്കുക- ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. പന്തിന്റെ വേഗം തീരെ കുറയ്ക്കരുത്. ലോക കപ്പ് ടീമില്‍ ചഹലിന് ഇടം ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ഭാജി ട്വിറ്ററില്‍ കുറിച്ചു.

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചഹാലിനെ ഒഴിവാക്കിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒക്ടോബര്‍ 10 വരെ ലോക കപ്പ് ടീമില്‍ മാറ്റംവരുത്താന്‍ ഐസിസി അനുവദിക്കുന്നുണ്ട്. അതിനാല്‍ ചഹല്‍ ടീമിലെത്തുമെന്ന് കരുതുന്നവരും കുറവല്ല.