അവന്‍ ചെറുപ്പമാണ്, ആരാധകര്‍ അല്‍പ്പം ക്ഷമ കാണിക്കണം; യുവതാരത്തെ പിന്തുണച്ച് അശ്വിന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പ്രകടനത്തിന്റേ പേരില്‍ അനാവശ്യ വിമര്‍ശനം നേരിടേണ്ടിവരുന്ന രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) സഹതാരം റിയാന്‍ പരാഗിനെ പിന്തുണച്ച് രവിചന്ദ്രന്‍ അശ്വിന്‍. ആഭ്യന്തര ക്രിക്കറ്റിലെ പരാഗിന്റെ അസാധാരണ പ്രകടനങ്ങളെ എടുത്തുപറഞ്ഞ അശ്വിന്‍ 22 കാരനായ ക്രിക്കറ്റ് താരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ക്ഷമ കാണിക്കാന്‍ അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

റിയാന്‍ പരാഗ് ഐപിഎല്‍ പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. അവന്‍ ഇപ്പോഴും ഒരു യുവ കളിക്കാരനാണ്, അവന്‍ മെച്ചപ്പെട്ടു വരികയാണ്. സയ്യിദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും പരാഗ് ഉപകാരപ്രദമായ സംഭാവനകള്‍ നല്‍കി. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരെ അസമിന് വേണ്ടി 155 റണ്‍സ് അടിച്ചെടുത്തു- ആര്‍ അശ്വിന്‍ പറഞ്ഞു.

രണ്ടാം ഇന്നിംഗ്സില്‍ റിയാന്‍ സെഞ്ച്വറി നേടിയെങ്കിലും ആസാം 10 വിക്കറ്റിന് പരാജയപ്പെട്ടു. 87 പന്തില്‍ 155 റണ്‍സാണ് അദ്ദേഹം നേടിയത്. മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നതിനാല്‍ അദ്ദേഹത്തിന് ആക്രമണാത്മക ക്രിക്കറ്റ് കളിക്കേണ്ടിവന്നു. അദ്ദേഹം തന്റെ ടീമിന്റെ ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്ത് ഗംഭീരമായൊരു തകര്‍പ്പന്‍ പ്രകടനം നടത്തി- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഏറ്റവും പുതിയ പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു പരാഗ്. 10 മത്സരങ്ങളില്‍ നിന്ന് 85.00 ശരാശരിയില്‍ താരം 510 റണ്‍സ് നേടി. ഐപിഎല്‍ 2024-ല്‍ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ നിലനിര്‍ത്തിയിട്ടുണ്ട്.