ടി20യില്‍ അവന്‍ വട്ടപ്പൂജ്യം; ഐപിഎല്‍ നായകനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) ക്യാപ്റ്റന്‍സിയില്‍ മാറ്റം പ്രഖ്യാപിച്ചു. എയ്ഡന്‍ മാര്‍ക്രമിന് പകരം ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ അവര്‍ തങ്ങളുടെ സാരഥിയായി നിയമിച്ചു. ഇപ്പോഴിതാ ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഒരു ടി20 നേതാവാകാനുള്ള മികച്ച യോഗ്യത കമ്മിന്‍സിനില്ലെന്നും ഐപിഎലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിനില്ലെന്നും പത്താന്‍ പറഞ്ഞു.

നിങ്ങള്‍ നേതൃത്വത്തെക്കുറിച്ച് പറയുമ്പോള്‍, കമ്മിന്‍സിനപ്പുറം ചിന്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് കീഴില്‍ ഓസ്ട്രേലിയ അടുത്തിടെ ലോകകപ്പ് നേടിയിട്ടേയുള്ളൂ. കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും, ടി20 നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ അവന്‍ ഒന്നുമില്ല. ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതല്ല, ഐപിഎല്‍ നമ്പറുകളും മാന്യമല്ല- പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനിലേലത്തില്‍ ഓസീസ് പേസര്‍ 20.5 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമിന്‍സ്. 2022ല്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ സീസണില്‍ ഏയ്ഡന്‍ മാര്‍ക്രവുമായിരുന്നു ഹൈദരാബാദിനെ നയിച്ചത്.

ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് കമിന്‍സ് വിട്ടു നിന്നിരുന്നു. ആ സീസണില്‍ വരെ കമ്മിന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു.