അവൻ ഇന്ത്യൻ ടീമിനൊരു ബാധ്യതയാണ്, ടീമിൽ നിന്ന് പുറത്താക്കണം; ഒടുവിൽ പ്രിയ കൂട്ടുകാരനെതിരെ തിരിഞ്ഞ് ഹർഭജൻ സിംഗും; ഒപ്പം കൂടി ആരാധകരും

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം ടീമിനെ ആശങ്കയിലാക്കുന്നുവെന്ന് ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. 2024-25-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രോഹിത് ശർമ്മ കടുത്ത സമ്മർദ്ദത്തിലാണെന്നും മോശം ഫോം കാരണം അദ്ദേഹം കഷ്ടപ്പെടുന്നു എന്നും മുൻ താരം പറഞ്ഞു.

തൻ്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ടീം ക്യാപ്റ്റൻ രോഹിത് ഇപ്പോൾ കടന്നുപോകുന്നത്. വ്യത്യസ്‌ത പൊസിഷനുകളിൽ പല വേദികളിൽ ബാറ്റ് ചെയ്‌തിട്ടും രോഹിത്തിന് താളം കണ്ടെത്താൻ സാധിച്ചില്ല. ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിൽ 6, 5, 23, 8 എന്നീ സ്‌കോറുകൾ നേടിയതോടെയാണ് അദ്ദേഹത്തിൻ്റെ മോശം ഫോം ആരംഭിച്ചത്. ഇന്ത്യ ആ പരമ്പര നേടിയതിനാൽ രോഹിത്തിന് കാര്യമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയില്ല.

എന്നിരുന്നാലും, ന്യൂസിലൻഡ് പരമ്പരയിൽ രോഹിതിൻ്റെ കരിയറിലെ നാശം തുടങ്ങി. 2, 52, 0, 8, 1,8, 11 എന്നീ സ്‌കോറുകൾ അദ്ദേഹം രേഖപ്പെടുത്തി. ആ പരമ്പര 0-3ന് ടീം ഇന്ത്യ തോൽക്കുകയും നായകനെതിരെ ആരാധകർ തിരിയുകയും ചെയ്തു. ഇന്ത്യയിലെ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ എളുപ്പമല്ലെന്നും ഓസ്‌ട്രേലിയയിൽ രോഹിത്തിന് തൻ്റെ ഫോം നേടാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും ആദ്യ ടെസ്റ്റിൽ കാത്തുകാത്തിരുന്ന നായകൻ മടങ്ങിവരവിൽ അഡ്‌ലെയ്ഡ് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലായി 3 ഉം 6 ഉം റൺ മാത്രമാണ് സ്കോർ ചെയ്യാൻ സാധിച്ചത്.

താരത്തിനെതിരെ പറഞ്ഞ ഹർഭജന്റെ വാക്കുകൾ ഇങ്ങനെ:

“ഇത്രയും വലിയ കളിക്കാരൻ റൺസ് നേടാത്തപ്പോൾ, അത് ഒരു ചെറിയ ആശങ്കയായി മാറും. രോഹിത്തിന് കഴിവുണ്ടെന്നും ഇന്ത്യക്കായി ധാരാളം റൺസ് നേടിയിട്ടുണ്ടെന്നും ഞങ്ങൾക്കറിയാം. എന്നിരുന്നാലും, മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. മുമ്പത്തെ പരമ്പരയിലും റൺസ് നേടാനാകാതെ വരുമ്പോൾ സമ്മർദം വരും,” ഹർഭജൻ സിംഗ് പറഞ്ഞു.

“ഇന്ത്യൻ നായകൻ തന്നെ സമ്മർദ്ദത്തിലേക്ക് വീണു പോകുന്നത് കാണാൻ നിങ്ങൾ ആഗ്രഹിച്ചില്ല. അവൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രിസ്ബെയ്ൻ പോലുള്ള മറ്റ് വേദികളിലെ സാഹചര്യങ്ങൾ അദ്ദേഹത്തിന് കൂടുതൽ അനുയോജ്യമാകും. തിളങ്ങാൻ സാധിക്കാതെ വന്നാൽ അവൻ പുറത്തുപോകണം” ഹർഭജൻ സിംഗ് പറഞ്ഞു.