അവന്‍ എല്ലാം മനസിലാക്കിയിരുന്നു, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാം; ഇന്ത്യന്‍ താരത്തെ കുറിച്ച് ഫിഞ്ച്

ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നാണക്കേടിന്റെ പടുക്കുഴിയിലാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്ത്, ബോളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും. മൂന്നാമത് ഒരിക്കല്‍ കൂടി സ്റ്റാര്‍ക്കിന്റെ ബോളില്‍ പുറത്താകുന്നത് സൂര്യയ്ക്ക് ഗുണകരമല്ല. ഇപ്പോഴിതാ സ്റ്റാര്‍ക്കിനെതിരേ എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ച് സൂര്യക്കു ഉപദേശം നല്‍കിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്.

മനോഹരമായ രണ്ടു ബോളുകളിലാണ് സൂര്യയെ സ്റ്റാര്‍ക്ക് കഴിഞ്ഞ ഇന്നിങ്സുകളില്‍ പുറത്താക്കിയത്. പക്ഷെ എവിടെയായിക്കും സ്റ്റാര്‍ക്ക് ഇനി ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നു സൂര്യക്കു അറിയാം.

ആദ്യത്തെ കുറച്ചു ബോളുകളില്‍ സ്റ്റാര്‍ക്കിനെതിരേ കൂടുതല്‍ ഷാര്‍പ്പായി നില്‍ക്കാനായിരിക്കണം സൂര്യ ശ്രമിക്കേണ്ടത്. വളരെ സൂക്ഷ്മതയോടെ തുടക്കത്തിലെ ബോളുകളെ അതിജീവിക്കാനായാല്‍ സൂര്യക്കു തിരിച്ചുവരാന്‍ സാധിക്കും- ഫിഞ്ച് പറഞ്ഞു.

മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ നിലനിര്‍ത്താനാണ് സാദ്ധ്യത. രോഹിത് ശര്‍മ്മ രണ്ടാം മത്സരത്തിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ അതിനു സാദ്ധ്യത ശക്തമാക്കുന്നു. ഒരു അവസരം കൂടി അദ്ദേഹത്തിനു നല്‍കാനായിരിക്കും ടീം ശ്രമിക്കുക. എന്നിരുന്നാലും സൂര്യയെ നാലാം നമ്പരില്‍നിന്നും ആറാം നമ്പരിലേക്ക് ഇറക്കിയേക്കാനുള്ള സാദ്ധ്യതയുണ്ട്.