നേരിട്ടത് പത്ത് ബോള്‍ അഞ്ചും സിക്‌സ് പറത്തി ; അന്നു ധോണി പറഞ്ഞു സി.എസ്‌.കെയ്ക്ക് വേണ്ടി റെഡിയായിക്കൊള്ളാന്‍

ഇന്ത്യന്‍ പ്രീമീയര്‍ ലീഗില്‍ മെഗാലേലം പൂര്‍ത്തിയായിരിക്കെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ദീപക് ചഹറിനെ ടീമിലെടുത്തതാണ് ഏവരെയും അമ്പരപ്പിച്ചത്. ഐപിഎല്‍ ഈ സീസണിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ സൈനിംഗായിരുന്നു ദീപക് ചഹറിന്റേത്. 14 കോടി മുടക്കി ടീമിലെടുത്ത താരത്തിന്റെ മൂല്യം എന്താണെന്ന് സിഎസ്‌കെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.

നാലു സീസണുകളായി സിഎസ്‌കെ യുടെ താരമാണ് ചഹര്‍. 63 മത്സരം അവര്‍ക്ക് വേണ്ടി കളിക്കുകയും യെ്തു. രണ്ടു നാലുവിക്കറ്റ് നേട്ടം അടക്കം 59 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2018 ല്‍ ആദ്യമായി ചെന്നൈയുടെ ടീമിലെത്തിയ താരമാണ് ചഹര്‍. 2016 ല്‍ ധോണിയെയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിനെയും ഒരു പരിശീലന മത്സരത്തില്‍ എങ്ങിനെയാണ് ഇംപ്രസ് ചെയ്തതെന്ന് വ്യക്തമാക്കുകയാണ് ചഹര്‍. 2016 ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകന്‍ ഹൃഷികേശ് കനിത്കര്‍ ട്രയല്‍സിന് വിളിച്ചത്.

അന്ന് പൂനെയില്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗും ഉണ്ടായിരുന്നു. അന്ന് നന്നായി താന്‍ പന്തെറിഞ്ഞു. ഏഴാമതായിരുന്നു ബാറ്റിംഗിനായി ഇറങ്ങിയത്. ഫോറുകളും സിക്‌സുകളും അടിച്ച് ഹാഫ് സെഞ്ച്വറി നേടി. രണ്ടാം ദിവസം നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടി. അന്നും 50 റണ്‍സ് അടിച്ചു. ഫ്‌ളെമിംഗ് പൂനെയിലേക്ക് സെലക്ട് ചെയ്തു. ന്യൂബോള്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന മികച്ച ബാറ്റിംഗ് ഓള്‍റൗണ്ടറായിട്ടാണ് ടീമില്‍ എടുത്തത്. എന്നാല്‍ കളിക്കാന്‍ കാര്യമായി അവസരം കിട്ടിയില്ല. ഒരു പരിശീലന ക്യാമ്പില്‍ നിന്നുമായിരുന്നു ചെന്നൈയിലേക്ക് സെലക്ഷന്‍ കിട്ടിയത്.

ക്യാമ്പിലേക്ക് മഹേന്ദ്രസിംഗ് ധോണിയെത്തി. അവിടെ ഒരു പരിശീലന മത്സരം നടക്കുകയായിരുന്നു. മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. പത്തുബോളില്‍ അഞ്ചു സിക്‌സര്‍ അടിച്ചു. പുറത്താകാതെ 30 റണ്‍സ് എടുത്തു. എന്നാല്‍ ഒരു സിംഗിള്‍ എടുക്കുന്നതിനിടയില്‍ പരിക്കേറ്റു പുറത്ത് പോകേണ്ടി വന്നു. മഹേന്ദ്രസിംഗ് ധോണിയെ ആദ്യമായി കാണുകയായിരുന്നു. അദ്ദേഹം ഞാന്‍ സിക്‌സറുകള്‍ പറത്തുന്നത് കാണുന്നുണ്ടായിരുന്നു.

സിക്‌സര്‍ അടിക്കുന്നതും ന്യൂബോളില്‍ സ്വിംഗ് ചെയ്യിക്കുന്നതും കണ്ടിരുന്നു. ആ സീസണില്‍ ഏതാനും മത്സരങ്ങളേ കളിക്കാനായിരുന്നുള്ളൂ. എന്നാല്‍ അടുത്ത സീസണില്‍ ധോണി വന്നു അടുത്ത സീസണില്‍ സിഎസ്‌കെയ്ക്ക് വേണ്ടി തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. 2017 ല്‍ ആയിരുന്നു ഇത്. 2018 ല്‍ എല്ലാ മത്സരങ്ങളിലും നിങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ചെയ്യുന്നത് എന്താണോ അത് ചെയ്തുകൊണ്ടിരിക്കാനും പറഞ്ഞു.