'19-ാം ഓവര്‍ കൊടുത്തേക്കാമെന്ന് ഇന്ത്യ അവന് ഉറപ്പ് കൊടുത്തിട്ടുണ്ടോ?'; തുറന്നടിച്ച് പാക് താരം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലേറ്റ പരാജയത്തിനു പിന്നാലെ ഇന്ത്യ ബോളര്‍മാരെ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ഏഷ്യാ കപ്പില്‍ പലതവണ ഭുവനേശ്വര്‍ കുമാറില്‍നിന്ന് മോശം പ്രകടനം നേരിട്ട് നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും 19ാം ഓവര്‍ ഭുവിയ്ക്ക് നല്‍കിയതിനെ ബട്ട് കണക്കിന് വിമര്‍ശിച്ചു.

’19ാമത്തെ ഓവര്‍ ബോള്‍ ചെയ്യാന്‍ കൊടുത്തേക്കാമെന്ന് ഭുവനേശ്വര്‍ കുമാറിനു ആരെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോയെന്നു എനിക്കറിയില്ല. ഇതു എനിക്കു മനസിലാവുന്നതിലും അപ്പുറമാണ്. ഒരു സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ നിര്‍ണായക ഓവറുകളില്‍ നിങ്ങള്‍ക്കു എങ്ങനെ ഭുവിയെ കൊണ്ടുവരാന്‍ സാധിക്കും? ഈ തന്ത്രം ശരിയാണെന്നു എനിക്കു തോന്നുന്നില്ല. കാരണം ഭുവിയുടെ ബോളിംഗിനു പേസോ, റിവേഴ്സ് സ്വിംഗോ ഇല്ലായിരുന്നു.’

‘എല്ലാവരും മാത്യു വേഡിനെ പ്രശംസിക്കുകയാണ്. അതെ, അദ്ദേഹം നന്നായി കളിക്കുക തന്നെ ചെയ്തു. പക്ഷെ വേഡിന് എപ്പോഴെങ്കിലും ജിന്നിനെ കിട്ടിയാല്‍ ലെഗ് സൈഡില്‍ ഒരു സ്ലോ ബോള്‍ നല്‍കൂയെന്നായിരിക്കും ആവശ്യപ്പെടുക. ഇന്ത്യന്‍ ബൗളര്‍മാര്‍ അതു തന്നെയാണ് ചെയ്തത്. അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അതു ഇന്ത്യയുടെ ബോളര്‍മാര്‍ നല്‍കിയതും’ ബട്ട് വിമര്‍ശിച്ചു.

ഏഷ്യാ കപ്പില്‍ നിര്‍ണായകമായ 19ാമത്തെ ഓവര്‍ നല്‍കിയപ്പോഴെല്ലാം ഭുവനേശ്വര്‍ കുമാര്‍ റണ്‍സ വാരിക്കോരി നല്‍കിയിരുന്നു. ഇതു തന്നെയാണ് ഓസ്ട്രേലിയക്കെതിരേയും അദ്ദേഹം ആവര്‍ത്തിച്ചത്. 19ാം ഓവറെറിഞ്ഞ് ഹാട്രിക് ബൗണ്ടറികളടക്കം 16 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്.