'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് മുംബൈ ഇന്ത്യൻസിനോട് 6 വിക്കറ്റുകൾക്ക് പരാജയപെട്ടു. ഇതോടെ ലക്‌നൗ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മിച്ചൽ മാർഷിന്റെയും(44) നിക്കോളാസ് പൂരന്റെയും(63) മികവിൽ 228 റൺസ് നേടിയിരുന്നു.

മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ താരങ്ങളായ രോഹിത് ശർമയും(84) റയാൻ റിക്കിൽട്ടണും(83) കളം നിറഞ്ഞതോടെ ലക്‌നൗവിന്റെ കൈയിൽ നിന്ന് മത്സരം കൈവിട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ ചര്‍ച്ചയാകുകയാണ്. ഇന്നലെ ലഖ്‌നൗവിനെതിരെ താരം കളിച്ചിരുന്നില്ല.അതിന് മുമ്പ് ചെന്നൈക്കെതിരെ 23 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന്റെ സമീപനത്തെ വിമര്‍ശിച്ച് മുന്‍ മുംബൈ താരം അമ്പാട്ടി റായുഡു രംഗത്തെത്തി.

‘ഏതൊരു ബാറ്ററുടെയും കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ താന്‍ ഫോമിലല്ല എന്ന് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും വേണം. അനാവശ്യമായ അഹങ്കാരം കാണിക്കാതെ, സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്മാര്‍ട്ടായി ബാറ്റ് ചെയ്യാനുമാണ് ഹാര്‍ദിക് ശ്രമിക്കേണ്ടത്.’ റായുഡു പറഞ്ഞു.

ഓഫ് സൈഡിലെ പന്തുകള്‍ നേരിടുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടുവെന്ന് റായുഡു ചൂണ്ടിക്കാട്ടി. പന്തിന്റെ വേഗത ഉപയോഗപ്പെടുത്തി തേര്‍ഡ് മാനിലൂടെയോ പോയിന്റിലൂടെയോ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ലെഗ് സൈഡിലേക്ക് മാത്രം പന്ത് അടിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് അദ്ദേഹം വിലയിരുത്തി.