ഹാർദിക് പാണ്ട്യ- ദി ഓൾറൗണ്ടർ ഈസ് ബാക്ക്

ശങ്കർ ദാസ്

രാജസ്ഥാന്റെ തോൽ‌വിയിൽ ചെറിയ നിരാശയുണ്ടെങ്കിലും അതിലേറെ സന്തോഷം നൽകുന്ന കാര്യമാണ് ഇന്നത്തെ ഹർദിക് പാണ്ട്യയുടെ പ്രകടനം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ നിർണായക സ്വാധീനമാകേണ്ട താരം മികച്ച ഫോമിലേക്ക് വരുന്നു എന്ന കാര്യം ഐ.പി.എൽ ഫാനിസം മാറ്റി വെച്ച് മിക്ക ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ച് കാണും എന്ന് തന്നെ കരുതുന്നു.

ഓർമ്മ ശരിയാണെങ്കിൽ ഹർദിക് പാണ്ട്യയുടെ പരിക്കായിരുന്നു ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ബാലൻസിങ് തകർത്തത് എന്ന് തോന്നുന്നു. കുൽ-ചാ സഖ്യത്തിന്റെ കരുത്തിൽ ഇന്ത്യ തുടർച്ചയായി വിജയങ്ങൾ കൊയ്ത ഒരു കാലമുണ്ടായിരുന്നു. പേസ് ബൗളിംഗ് നയിക്കാൻ ബുമ്രയും ഭുവിയും,  മൂന്നാം പേസറായി പാണ്ട്യയും,  പാർട് ടൈം ബൗളർ ആയി കേദാർ ജാദവുമായിരുന്നു. രവീന്ദ്ര ജഡേജ അന്ന് ലിമിറ്റഡ്ഓവർ ടീമിൽ സ്ഥിരമല്ലായിരുന്നു.

പക്ഷെ ,ഏഷ്യാ കപ്പിലായിരുന്നു എന്ന് തോന്നുന്നു പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെ പരിക്കേറ്റ പാണ്ട്യക്ക് ടൂർണമെന്റിൽ തന്നെ പിന്മാറേണ്ടി വന്നു. പകരം ജഡേജയല്ലാതെ മറ്റൊരു പേരിലായിരുന്നു.രണ്ടാം സ്പിന്നറുടെ റോൾ ജഡേജ ഏറ്റെടുത്തതോടെ കുൽദീപ്-ചഹാൽ എന്നിവരിൽ ഒരാൾക്ക് മാത്രമായി സ്ഥാനം. ജഡേജയുടെ റീ-എൻട്രി ടീം ഇന്ത്യക്ക് നേട്ടമായിരുന്നുവെങ്കിലും കുൽ-ചാ സഖ്യത്തിന്റെ പടയോട്ടത്തിന് അന്ന് തൽക്കാലത്തേക്കെങ്കിലും പരിസമാപ്തിയാവുകയായിരുന്നു. പരിക്ക് മാറി പാണ്ട്യ തിരിച്ച് വന്നെങ്കിലും മുമ്പ് കണ്ട ഓൾറൗണ്ട് മികവ് അകന്നു നിന്നു. ഫീൽഡിൽ ആത്മവിശ്വാസവും ഊർജസ്വലതയും കൈമോശം വന്ന പാണ്ട്യയുടെ റോൾ പലപ്പോഴും ഒരു ബാറ്റർ എന്ന നിലയിൽ ഒതുങ്ങി.

ഈ ഐ പി എല്ലിൽ ഗംഭീര തിരിച്ച് വരവാണ് പാണ്ട്യ നടത്തിയിരിക്കുന്നത്.ക്യാപ്റ്റൻസിയുടെ അധിക ചുമതല ഏറ്റെടുത്ത പാണ്ട്യ ബൗളിങ്ങിലെയും ടോപ് ഓർഡർ ബാറ്റിങ്ങിലെയും മികച്ച പ്രകടനങ്ങളോടെ നിരവധി ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങളിൽ നിന്ന് 76 എന്ന ശരാശരിയിൽ 228 റൺസ് നേടിയ പാണ്ട്യ ടോപ് സ്‌കോറർ ലിസ്റ്റിൽ ജോസ് ബട്ലർക്ക് മാത്രം പിറകിലാണ്. ഇത് വരെ 18.3 ബൗൾ ചെയ്ത് 7.57 എക്കണോമിയിൽ 4 വിക്കറ്റുകളും പാണ്ട്യ നേടിക്കഴിഞ്ഞു.

ഇന്ത്യൻ ടീം ആഗ്രഹിക്കുന്ന പരിപൂർണ ഫിറ്റ്നസിലും എനർജിയിലും ഫോമിലും ഇതാ ഹർദിക് പാണ്ട്യ എത്തിക്കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പാണ്ട്യയും ഉണ്ടാകുമെന്ന് ഉറപ്പാണ്.ഇന്ത്യൻ ജേഴ്സിയിലും സമാന പ്രകടനങ്ങൾ നടത്താൻ ഹർദിക്കിന് കഴിയട്ടെ.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ