'ഇതല്ലാതെ മറ്റൊരു പരിഹാരവും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല'; ഇന്ത്യന്‍ ടീമിലേക്കുള്ള രഹാനെയുടെ മടങ്ങിവരവിനെ കുറിച്ച് ഹര്‍ഭജന്‍

ലണ്ടനിലെ ഓവലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ജൂണ്‍ 7 മുതല്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ അജിങ്ക്യ രഹാനെയെ തിരഞ്ഞെടുത്തതിന് സെലക്ടര്‍മാരെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനമായി ടെസ്റ്റ് കളിച്ച രഹാനെ ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നത്.

മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു രഹാനെയെ ടീമില്‍നിന്നും ഒഴിവാക്കിയത്. എന്നിരുന്നാലും, രഞ്ജി ട്രോഫി 2022-23, ഐപിഎല്‍ 2023 എന്നിവയിലെ തന്റെ മിന്നുന്ന പ്രകടനത്തിലൂടെ രഹാനെ തന്റെ സ്ഥാനം തിരികെ നേടി. രഹാനെയുടെ തിരഞ്ഞെടുപ്പില്‍ സന്തോഷം പ്രകടിപ്പിച്ച ഹര്‍ഭജന്‍ അദ്ദേഹം മികച്ച സാങ്കേതികതയുള്ള ഒരു മികച്ച കളിക്കാരനാണെന്ന് പറഞ്ഞു.

ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ അദ്ദേഹം നയിച്ചിട്ടുണ്ട്, കൂടാതെ ഒരു മികച്ച കളിക്കാരന്‍ കൂടിയാണ്. അദ്ദേഹത്തിന് മികച്ച സാങ്കേതികതയുണ്ട്. ശ്രേയസ് അയ്യര്‍ ഇപ്പോഴും ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് എനിക്ക് തോന്നുന്നു.

അയ്യര്‍ ഇല്ലാത്തതിനാല്‍, ഇത് രഹാനെയ്ക്ക് ഒരു അവസരമായി വര്‍ത്തിക്കുന്നു. ഈ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരു വലിയ പ്രകടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഈ തിരഞ്ഞെടുപ്പിനെ 100 ശതമാനം പിന്തുണയ്ക്കുന്നു, ഇതൊരു മികച്ച തീരുമാനമായി എനിക്ക് തോന്നുന്നു. ഇതല്ലാതെ മറ്റൊരു പരിഹാരവും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല- ഹര്‍ഭജന്‍ പറഞ്ഞു.