ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി ഹർഭജൻ, ആവേശം ഇരട്ടിക്കാൻ മഹാന്മാരുടെ സാന്നിദ്ധ്യവും

സെപ്റ്റംബറിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എൽഎൽസി) രണ്ടാം സീസണിൽ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് വീണ്ടും ക്രിക്കറ്റ് ഫീൽഡിൽ തിരിച്ചെത്തും. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, മുൻ ഓസ്ട്രേലിയൻ സ്പീഡ്സ്റ്റർ ബ്രെറ്റ് ലീ, സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ലോകകപ്പ് ജേതാവായ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൻ മോർഗൻ എന്നിവർക്കൊപ്പമാണ് ഹർഭജൻ എത്തുന്നത്.

എൽഎൽസിയുടെ രണ്ടാം സീസണിൽ നാല് ടീമുകളും 110 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കും.“ഇത് ഗ്രൗണ്ടിൽ തിരിച്ചെത്താനും ഗെയിമിന്റെ ആഗോള ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനും എന്നെ വളരെയധികം പ്രേരിപ്പിക്കുന്നു. സെപ്റ്റംബറിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” ഹർഭജൻ പറഞ്ഞു.

ഹർഭജനെ കൂടാതെ, മുൻ ബംഗ്ലാദേശ് നായകൻ മഷ്‌റഫെ മൊർത്താസയും എൽഎൽസിയുടെ വരാനിരിക്കുന്ന പതിപ്പിൽ തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളായ ലെൻഡൽ സിമ്മൺസും ദിനേഷ് രാംദിനും വരാനിരിക്കുന്ന സീസണിലേക്കുള്ള ലീഗിന്റെ പ്ലെയർ ഡ്രാഫ്റ്റിൽ ചേർന്നു.

ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ യഥാക്രമം ഇന്ത്യ, ഏഷ്യ, റെസ്റ്റ് ഓഫ് വേൾഡ് എന്നിവയെ പ്രതിനിധീകരിച്ച് മൂന്ന് ടീമുകളായി തിരിച്ചിരുന്നു.

ആദ്യ സീസണിൽ റസ്റ്റ് ഓഫ് വേൾഡ് ടീമാണ് ജയിച്ചത്.