അവനെതിരെ പ്രയോഗിക്കാന്‍ ഒരായുധവും ഞങ്ങള്‍ക്കില്ലായിരുന്നു, ഇന്ത്യയ്ക്കായി അവന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും; ചെന്നൈ താരത്തെ പ്രശംസ കൊണ്ട് മൂടി ഹാര്‍ദ്ദിക്

ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ഋതുരാജ് ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ സിഎസ്‌കെ 220-230 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമെന്ന് തോന്നിയെന്നും അവനെതിരെ ബോളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നെന്നും ഹാര്‍ദിക് മത്സരശേഷം പറഞ്ഞു.

അവനെ ഇന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്ന് തോന്നിയെന്നതാണ് സത്യം. അവന്‍ കളിച്ച പല ഷോട്ടുകളിലും ബോളിംഗ് മോശമായിരുന്നില്ല. നല്ല പന്തുകളെയും മനോഹരമായി കളിക്കാന്‍ ഋതുരാജിനായി. ബോളറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഋതുരാജിന്റെ ബാറ്റിംഗ് പ്രതിസന്ധി സൃഷ്ടിച്ചു. അവന്റെ ചില ഷോട്ടുകളില്‍ ബോളര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന പല ഷോട്ടുകളും അവന്‍ കളിച്ചു. ഇതേ പ്രകടനം അവന് തുടരാനായാല്‍ ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ ഋതുരാജിനാവും. മികച്ച പിന്തുണ ലഭിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഋതുരാജിനാവുമെന്ന് എനിക്കുറപ്പാണ്- ഹാര്‍ദിക് പറഞ്ഞു.

ഐപിഎല്‍ 16ാം സീസണില്‍ തോല്‍വിയോടെ തുടങ്ങാനായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെയുടെ വിധി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈയ്ക്ക് വഴങ്ങേണ്ടിവന്നത്.

അഹമ്മദാബാദില്‍ നടന്ന  മത്സരത്തില്‍ സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 50 പന്തില്‍ 92 റണ്‍സ് നേടിയ ഋതുരാജിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ സിഎസ്‌കെ വലിയ നാണക്കേടിനെ അഭിമുഖീകരിക്കേണ്ടി വന്നേനെ.