ടി-20 യിൽ നിന്ന് ഗില്ലിനെ പുറത്താക്കിയതിനുള്ള മറുപടി അവൻ ഈ സീസണിൽ അടിച്ച് തീർത്ത് കാണിക്കും: ചേതേശ്വർ പുജാര

2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പുറത്താക്കിയത് താരത്തെ കൂടുതൽ അപകടകാരിയാക്കുമെന്നാണ് പുജാര പറയുന്ന‌ത്.

‘ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തത് തീര്‍ച്ചയായും ഗില്ലിന്റെ ഉള്ളിലെ തീ ആളിക്കത്തിക്കും. മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ കഴിവും നിരവാരവുമുള്ള താരമാണ് അദ്ദേഹം. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ടി20 ടീമിലേക്ക് തിരിച്ചെത്താം. ടെസ്റ്റ് സ്‌ക്വാഡിന്റെയും ഏകദിന ടീമിന്റെയും ക്യാപ്റ്റനാണ് ഗില്‍. മള്‍ട്ടി ഫോര്‍മാറ്റ് താരമാണ് അദ്ദേഹം. ഈ ഐപിഎല്‍ സീസണ്‍ മികച്ചതാക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഗില്ലിന് സാധിക്കും’

‘ടി20 സ്ക്വാഡിൽ നിലവിൽ ഭാ​ഗമല്ലാത്തതിന്റെ സമ്മർദ്ദം ​ഗില്ലിനുണ്ടായിരിക്കും. അതേസമയം തന്റെ ബാറ്റിങ്ങിൽ തന്റെ മികവ് തെളിയിക്കാൻ വളരെ വലിയ അവസരമാണ് ഐപിഎല്ലിൽ ​ഗില്ലിന് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ വേഗത ഒന്നുകൂടി വര്‍ധിപ്പിക്കേണ്ടിവരും. 150 മുതല്‍ 160 വരെ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഈ സീസണ്‍ ഗില്ലിന് വളരെ നിര്‍ണായകമാണ്’, പൂജാര പറഞ്ഞു.