"ടി20 ലോകകപ്പില്‍ ഗില്‍ ഓപ്പണറായി കളിക്കരുത്"; അഭിഷേകിനൊപ്പം മറ്റൊരു താരത്തെയും ഓപ്പണിംഗിൽ പരി​ഗണിക്കണമെന്ന് ഭോഗ്‌ലെ

ഇന്ത്യന്‍ ടി20 ടീമിൽനിന്ന് അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനു പിന്തുണയുമായി പ്രശസ്ത കമന്റേറ്ററും ആങ്കറുമായ ഹര്‍ഷ ഭോഗ്‌ലെ. ദേശീയ ടീമില്‍ നിന്ന് വളരെ പെട്ടെന്നാണ് സഞ്ജു പുറത്താക്കപ്പെട്ടതെന്നും അതിന് അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നും ഭോഗ്‌ലെ ചോദിച്ചു.

നമ്മള്‍ വളരെ പെട്ടെന്നല്ലേ സഞ്ജുവിനെ പുറത്താക്കിയത്? സത്യസന്ധമായി പറയുകയാണെങ്കില്‍ സഞ്ജു പുറത്താക്കപ്പെട്ടതു തന്നെയാണ്. അദ്ദേഹം ടി20 ടീമിലുണ്ടായിട്ടും ഓപ്പിണിങില്‍ നിന്നും പുറത്താക്കപ്പെട്ടരിക്കുകയാണ്. സഞ്ജുവിന്റെ പ്രകടനത്തില്‍ അല്‍പ്പം സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. മൂന്നു സെഞ്ച്വറികള്‍ മാറ്റിനിര്‍ത്തിയാല്‍ അടുത്ത ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സാണ്. എന്നാല്‍ നല്ല ഫോമിലെങ്കില്‍ സഞ്ജു നിങ്ങള്‍ക്കായി സെഞ്ച്വറി തന്നെ നേടും- ഭോഗ്‌ലെ പറഞ്ഞു.

ടി20യിലെ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി കളിക്കരുതെന്നാണ് ഞാന്‍ പറയുക. എന്നാല്‍ ടൂര്‍ണമെന്റിനു മുമ്പ് ഇനിയുള്ള 10 ടി20കളില്‍ അഭിഷേക് ശര്‍മയ്ക്കു ചിലതില്‍ വിശ്രമം നല്‍കാം. അതിനു ശേഷം ഗില്ലിനെും സഞ്ജു സാംസണിനെയും ഓപ്പണിം​ഗില്‍ മാറി മാറി കളിപ്പിക്കണം. ഇതൊരു ഓപ്പണ്‍ സീസണാണ് എല്ലാവര്‍ക്കും ചാന്‍സ് കൊടുക്കൂ. സഞ്ജു സാംസണിനു എതിരേയുള്ള ഒരേയൊരു കാര്യം നേരത്തേ ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യം തുറന്നു കാട്ടിയിരുന്നുവെന്നതാണ്.

Read more

ചില മല്‍സരങ്ങളില്‍ മുന്‍കൂട്ടി തീരുമാനിച്ച ചില ഷോട്ടുകള്‍ നേരത്തേ കളിച്ചതു കാരണം സഞ്ജു പെട്ടെന്നു പുറത്താവുകയും ചെയ്തു. പക്ഷെ പേസ് ബോളിംഗിനെതിരേ അദ്ദേഹം വളരെ മികച്ചൊരു ബാറ്ററാണ്. നിങ്ങള്‍ക്കു അത്ര പെട്ടെന്നു സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ല- ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.