ഗില്ല് വില്ലായി, സച്ചിന്റെ 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥ!

സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. സിംബാബ്വെ മണ്ണില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇനി ശുഭ്മന്‍ ഗില്ലിന്റെ പേരിലായിരിക്കും.

മൂന്നാം ഏകദിനത്തില്‍ 97 പന്തില്‍ 130 റണ്‍സെടുത്ത ഗില്‍ 1998ല്‍ ബുലവായോയില്‍ പുറത്താകാതെ സച്ചിന്‍ നേടിയ 127 റണ്‍സ് എന്ന റെക്കോര്‍ഡാണ് തിരുത്തിയത്. സിംബാബ്വെയ്‌ക്കെതിരെ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. ഇവിടെ മുഹമ്മദ് കൈഫാണ് ഗില്ലിനു മുന്‍പിലുള്ള ഏക ഇന്ത്യന്‍ താരം.

മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ് അകലെ സിംബാബ്വെയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.

36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവ താരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.