18 സിക്‌സുകള്‍, 5 ഫോറുകള്‍; ഗെയ്ല്‍ താണ്ഡവത്തില്‍ വിറച്ച് ക്രിക്കറ്റ് ലോകം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനവുമായി ക്രിസ് ഗെയ്ല്‍. 69 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും 18 സിക്‌സും സഹിതം 146 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടിയത്. ഗെയ്‌ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ രംഗ്പൂര്‍ റൈഡേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്.

സഹ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ നഷ്ടമായെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിനെ കൂട്ടുപിടിച്ചാണ് ഗെയില്‍ തന്റെ മാരക പ്രകടനം പുറത്തെടുത്തത്. മെക്കല്ലം 43 പന്തില്‍ 51 റണ്‍സെടുത്തു. ഇരുവരും തമ്മില്‍ 196 റണ്‍സിന്റെ ടി20 കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

സിക്‌സുകള്‍ പെരുമഴയായി പെയ്ത ഗെയ്‌ലിന്റെ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് സമാനമായ പ്രകടനം ഗെയ്ല്‍ ആവര്‍ത്തിച്ചിരുന്നു. അന്ന് 51 പന്തില്‍ 126 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടിയത്. സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഗെയ്‌ലിന്റേത്.

സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റില്‍ ഷെയ്ന്‍ വാട്‌സണ്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ദിവസം തന്നെയാണ് ഗെയ്‌ലിന്റേയും പ്രകടനം. 53 പന്തില്‍ 16 സിക്‌സ് നേടിയാണ് വാട്‌സണ്‍ 114 റണ്‍സെടുത്തത്.

മോസ്മാന്‍ ടീമിനെതിരെ സതര്‍ലന്‍ഡ് ടീമിനായാണ് വാട്സണ്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചത്. വാട്സന്റെ വെടിക്കെട്ട് പ്രകടനത്തോടെ 16ാം ഓവറില്‍ വിജയലക്ഷ്യം മറികടക്കാനും സതര്‍ലന്‍ഡിനായി. വാട്‌സന്റെ ഈ പ്രകടനത്തോടെ സതര്‍ലന്‍ഡ് ടീം കിംഗ്സ് ഗ്രോവ് സ്പോര്‍ട്സ് ടി20 കപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടി