കേക്കിനു പകരം മാസ്‌ക്; വ്യത്യസ്ത ആഘോഷവുമായി ദാദ ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48-ാം ജന്മദിനമാണിന്ന്. എല്ലാ തവണയും ഏറെ ആഘോഷത്തോടെ കൊണ്ടാടുന്ന ഈ ദിനത്തെ ദാദ ആരാധകര്‍ ഇത്തവണ വ്യത്യസ്തമാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ഒഴിവാക്കി മാസ്‌കുകള്‍ വിതരണം ചെയ്യാനാണ് കൊല്‍ക്കത്തയിലെ ദാദാ ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്.

ഗാംഗുലിയുടെ ചിത്രം പതിച്ച മാസ്‌കുകളാണ് ആരാധകര്‍ വിതരണം ചെയ്യുന്നത്. മാസ്‌ക്കിന്റെ ഒരു വശത്ത് 1996-ലെ ഗാംഗുലിയുടെ ലോര്‍ഡ്സ് അരങ്ങേറ്റത്തിലെ ചിത്രവും മറുവശത്ത് അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായപ്പോഴത്തെ ചിത്രവുമാണുള്ളത്. ഗാംഗുലിയുടെ ഈ ആരാധക സംഘത്തില്‍ സംസ്ഥാനത്തൊട്ടാകെ പതിനായിരത്തോളം അംഗങ്ങളുണ്ട്.

Image

“ദാദ ബി.സി.സി.ഐ പ്രസിഡന്റായ ശേഷമുള്ള ആദ്യ ജന്മദിനമായതിനാല്‍ തന്നെ ഇത്തവണ അത് ഞങ്ങള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പക്ഷേ കേക്ക് മുറിക്കല്‍ അടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ഞങ്ങള്‍ മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.” ഗാംഗുലിയുടെ ആരാധകരിലൊരാള്‍ പറഞ്ഞു.

Sourav Ganguly Birthday Special: Tribute to the leader who put ...

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാഗുലി. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍ എന്ന നിലയിലും ഉശിരുള്ള ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു തലമുറയുടെ തന്നെ വികാരമായിരുന്നു ഗാംഗുലി. ബംഗാള്‍ കടുവ, കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നിങ്ങനെ പല വിളിപ്പേരുകളുമുള്ള ഗാംഗുലി സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. തനിക്കു കീഴില്‍ ടീമിന് കിരിടം നേടി കൊടുക്കാനായില്ലെങ്കിലും ധോണിയെ പോലുള്ള മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ ഗാംഗുലിയ്ക്കായി എന്നത് പ്രശംസനീയമാണ്.