ഏകദിന ലോകകപ്പ്: ഫൈനലില്‍ അവര്‍ രണ്ടും വരണമെന്നാണ് ആഗ്രഹം, എന്നാല്‍ അത് നടക്കില്ല; കിരീട ജേതാക്കളെ പ്രവചിച്ച് ആമിര്‍

ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവേ ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകളെയും വിജയയിയെയും പ്രവചിച്ച് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാകിസ്ഥാനെ തഴഞ്ഞ് ആതിഥേയരായ ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്ന് ആമിര്‍ പ്രവചിച്ചു.

ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് എന്റെ പ്രാര്‍ഥന. പക്ഷേ സാങ്കേതികമായി ക്രിക്കറ്റിന്റെ സെന്‍സില്‍ നോക്കുകയാണെങ്കില്‍ അതു സംഭവിക്കില്ല. പകരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനലില്‍ മുഖാമുഖം വരാനാണ് സാധ്യത.

ഇന്ത്യയെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ടീമിന്റെ താളം എങ്ങനെ ആയിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. കടലാസില്‍ നമ്മള്‍ നോക്കിയാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യത. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളാവും- ആമിര്‍ പറഞ്ഞു.

ലോകകപ്പിലെ നാലു സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്നും അദ്ദേഹം പ്രവചിച്ചു. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നിവരായിരിക്കും സെമിയിലെത്തുകയെന്നാണ് ആമിറിന്റെ പ്രവചനം.