പുറത്താക്കിയിട്ടും നാണമില്ലാതെ മുന്‍ സെലക്ടര്‍മാര്‍, വീണ്ടും കയറിക്കൂടാന്‍ രംഗത്ത്, അപേക്ഷ സമര്‍പ്പിച്ചു

ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍ സ്ഥാനത്തുനിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട ചേതന്‍ ശര്‍മ്മയും ഹര്‍വിന്ദര്‍ സിംഗും അതേ റോളിനായി വീണ്ടും അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി എടുത്ത അശ്രദ്ധമായ തീരുമാനങ്ങള്‍ കാരണമാണ് ചേതന്‍ ശര്‍മ്മയെയും മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐ പിരിച്ചുവിട്ടത്.

നവംബര്‍ 28 ആയിരുന്നു സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ അംഗങ്ങളായ ചേതന്‍ ശര്‍മ്മയും ഹര്‍വിന്ദര്‍ സിംഗും ഉള്‍പ്പെടെ 60 അപേക്ഷകരാണ് ഉള്ളത്. അതേസമയം, കമ്മിറ്റിയില്‍ അംഗമായിരുന്ന വെറ്ററന്‍ സ്പിന്നര്‍ സുനില്‍ ജോഷിയും മുന്‍ പേസര്‍ ദേബാശിഷ് മൊഹന്തിയും വീണ്ടും അപേക്ഷിച്ചിട്ടില്ല.

നിലവില്‍ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായ എസ് ശരത്തും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കൂടാതെ, വെങ്കിടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ്, മനീന്ദര്‍ സിംഗ്, നിഖില്‍ ചോപ്ര, അതുല്‍ വാസന്‍, റീതീന്ദര്‍ സിംഗ് സോധി, നയന്‍ മോംഗിയ, എസ്എസ് ദാസ്, സലില്‍ അങ്കോള, സമീര്‍ ദിഗെ, അജയ് രാത്ര, ഗ്യാനേന്ദ്ര പാണ്ഡെ എന്നിവരും അപേക്ഷകരില്‍ ഉള്‍പ്പെടുന്നു.

ചേതന്‍ ശര്‍മ്മ ബിസിസിഐ ചീഫ് സെലക്ടറായിരുന്ന കാലത്ത്, 2021 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നടന്ന ചരിത്രപരമായ 2-1 ടെസ്റ്റ് പരമ്പര വിജയം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു, എന്നാല്‍ ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അതേ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.