ആദ്യം മൂന്നാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കൂ.., എന്നിട്ടാവാം ലോകകപ്പ്; ദ്രാവിഡ് അല്‍പ്പം വിവേകത്തോടെ സംസാരിക്കണമെന്ന് പാക് താരം

ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. പരമ്പര 1-1 ന് സമനിലയിലായതിനാല്‍ മൂന്നാമത്തെ മത്സരം ഏറെനിര്‍ണായകമാണ്. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയെങ്കിലും വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ജയം പിടിച്ച് ഓസീസ് തിരിച്ചടിച്ചു.

അതിനാല്‍ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യം ഇരുടീമിനും മുന്നിലുള്ളതിനാല്‍ വരാനിരിക്കുന്ന പോരാട്ടം ഏറെ നിര്‍ണായകമാകും. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുക്കലിന്റെ ഭാഗമായി മുഴുവന്‍ മത്സരവും നിര്‍ണായകമായിരുന്നു എന്നു വേണം കരുതാന്‍. രണ്ടാം ഏകദിനത്തിലെ ദയനീയ തോല്‍വിക്ക് ശേഷം ടീമിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് മൂന്നാം ഏകദിനത്തിന് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആഴത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് ദ്രാവിഡിന്റെ നീക്കതില്‍ അമ്പരപ്പ് രേഖപ്പെടുത്തി. ‘വിവിധ കോമ്പിനേഷനുകള്‍’ പരീക്ഷിക്കുന്നതിനുപകരം പരമ്പര വിജയിക്കുന്നതില്‍ പരിശീലകന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ബട്ട് പറഞ്ഞു.

അവര്‍ വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ആദ്യം പരമ്പര വിജയിക്കുക. കോമ്പിനേഷനുകള്‍ മാറ്റുന്നത് അപ്രസക്തമാണ്. ആദ്യം നിങ്ങളുടെ ബാറ്റിംഗ് ആശങ്കകള്‍ എങ്ങനെ പരിഹരിക്കുമെന്ന് നോക്കൂ. ടീം കോമ്പിനേഷനുകളെക്കുറിച്ചുള്ള ഈ ചര്‍ച്ചകളെല്ലാം എന്തിനാണ്…? ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

Read more

ഇപ്പോളുള്ള എല്ലാ ചിന്തകളും സംഭാഷണങ്ങളും മൂന്നാം ഏകദിനത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കണം. അത് എങ്ങനെ ജയിക്കാം എന്നായിരിക്കണം. ആരെങ്കിലും മറ്റൊരു ചോദ്യം ചോദിച്ചാല്‍, അതിന് മത്സരവുമായി ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്ക് പറയാം. കോമ്പിനേഷനുകളെക്കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിച്ചു. ഇത് നല്ലതിനല്ല- ബട്ട് കൂട്ടിച്ചേര്‍ത്തു.