'അതിലൊന്നും വലിയ കാര്യമില്ല', ലോക കപ്പിലെ ട്രെന്‍ഡ് തള്ളി ഫിഞ്ച്

ന്യൂസിലന്‍ഡുമായുള്ള ടി20 ലോക കപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമാകുമെന്ന വാദം തള്ളി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ലോക കപ്പിലെ മിക്ക മത്സരങ്ങളിലും ടോസ് നേടിയ ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ഫിഞ്ചിന്റെ പ്രതികരണം.

ടോസിനെ മറികടക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ടൂര്‍ണമെന്റ് വിജയിക്കണമെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത് ജയിക്കേണ്ടതായിവരും. പാകിസ്ഥാനെതിരെ ടോസ് നഷ്ടപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ചൊരു സ്‌കോര്‍ മുന്നില്‍വയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടേനെ. ആദ്യം ബാറ്റ് ചെയ്യാന്‍ ആരും താല്‍പര്യപ്പെടുന്ന മത്സരമായിരുന്നില്ല അത്. പക്ഷേ, അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതു കാര്യമാക്കാനും പാടില്ല. ഫൈനലിലും അതാണ് സമീപനം- ഫിഞ്ച് പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ നമ്മള്‍ കണ്ടതാണ്, ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ ഉയര്‍ത്തി. എന്നിട്ട് എതിരാളിയെ അവര്‍ വരിഞ്ഞുമുറുക്കി. നല്ലൊരു സ്‌കോര്‍ നേടിയശേഷം എതിര്‍ ടീമിനെ സാഹസികതയ്ക്കു പ്രേരിപ്പിച്ചാല്‍ മത്സരം വിജയിക്കാനാകുമെന്നും ഫിഞ്ച് പറഞ്ഞു.