പാണ്ഡ്യയെ വീഴ്ത്തിയ റബാദയ്ക്ക് ഡുപ്ലെസിസ് നല്‍കിയ സമ്മാനം

ഇന്ത്യയുടെ പേരു കേട്ട മുന്‍നിര തകര്‍ന്നടിയുമ്പോളും യുവതാരം ഹര്‍ദിക് പാണ്ഡ്യയുടെ ആത്മവിശ്വാസം ചോര്‍ന്നില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മ്മാരുടെ തീപാറും ബോളുകള്‍ക്ക് മുന്നില്‍ മുട്ടുവിറക്കാതെ നിന്ന് പാണ്ഡ്യ ഇന്ത്യയെ വലിയൊരു തകര്‍ച്ചയില്‍ നിന്നാണ് കരകയറ്റിയത്. ഏഴിനു 92 റണ്‍സെന്ന നിലയില്‍ നിന്ന് 209 റണ്‍സിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയത് ഹാര്‍ദികിന്റെ ആ ഇന്നിങ്സായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ചായിരുന്നു പാണ്ഡ്യയുടെ പോരാട്ടം.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ രക്ഷകനായ ഹാര്‍ദികിനെ പുറത്താക്കിയ കാഗിസോ റബാദയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഒരു തകര്‍പ്പാന്‍ സമ്മാനമാണ് നല്‍കിയത്. റബാദയുടെ നെറ്റിയില്‍ ഉമ്മ നല്‍കിയാണ് ഡു പ്ലെസിസ് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷിച്ചത്. സെഞ്ചുറിക്ക് ഏഴു റണ്‍സകലെ വെച്ചായിരുന്നു ഹാര്‍ദിക് പുറത്തായത്. റബാദയുടെ പന്ത് ഹാര്‍ദികിന്റെ ബാറ്റില്‍ കൊണ്ട് ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളില്‍ എത്തുകയായിരുന്നു. സെഞ്ച്വറി നേടിയിരുന്നെങ്കില്‍ പാണ്ഡ്യയുടെ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ രണ്ടാം സെഞ്ച്വറിയാകുമായിരുന്നു അത്.

ഇന്ത്യ 76/5 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് പാണ്ഡ്യ ക്രീസിലെത്തുന്നത്. ഒരു വശത്ത്് വിക്കറ്റ് കൊഴിഞ്ഞു കൊണ്ടിരുന്നപ്പോഴും പാണ്ഡ്യ പതറാതെ പൊരുതി. ഭുവനേശ്വറിനെ കൂട്ടു പിടിച്ച് ആത്മവിശ്വാസത്തോടെ ബാറ്റു വീശി. ഏകദിന ശൈലിയില്‍ പോരാടിയ പാണ്ഡ്യ 46 ബോളില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ചു. 93 ല്‍ എത്തിനില്‍ക്കേയാണ് പാണ്ഡ്യയുടെ വിക്കറ്റ് വീണത്. 70-ാം ഓവറിന്റെ ആദ്യബോളിലായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ് വീണത്. 95 പന്തില്‍ നിന്ന് 14 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു പാണ്ഡ്യയുടെ 93 റണ്‍സ് നേട്ടം.