എല്ലാം അയാളുടെ കുബുദ്ധി; തോല്‍വിക്കു കാരണക്കാരന്‍, തുറന്നടിച്ച് മോണ്ടി പനേസര്‍

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയുടെ നടുക്കത്തിലാണ് ഇംഗ്ലണ്ട്. മത്സരത്തില്‍ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയ ശേഷമാണ് അവസാനദിനം ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണത്. ഇരുടീമുകളിലെയും താരങ്ങള്‍ തമ്മിലെ വാക്‌പോരും കാണികളുടെ ഇടപെടലുമെല്ലാം ലോര്‍ഡ്‌സ് ടെസ്റ്റിനെ സംഘര്‍ഷഭരിതമാക്കി. ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ പേരില്‍ കോച്ച് ക്രിസ് സില്‍വര്‍വുഡിനെ കണക്കറ്റ് വിമര്‍ശിക്കുകയാണ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ആതിഥേയ ടീമിന്റെ തോല്‍വിക്ക് കാരണക്കാരന്‍ സില്‍വര്‍വുഡാണെന്ന് പനേസര്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ബുദ്ധി ഇംഗ്ലീഷ് കോച്ചിന്റെ തലയില്‍ നിന്ന് ഉദിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ 10,11 നമ്പര്‍ ബാറ്റ്‌സ്മാന്‍മാരെയാണ് അവര്‍ ഉന്നമിട്ടത്. തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞ് അവരെ അസഹ്യരാക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നിങ്ങള്‍ നമ്മുടെ ഒരു കളിക്കാരനെ വേട്ടയാടിയാല്‍ നമ്മളെല്ലാം ചേര്‍ന്ന് നിങ്ങളെ വേട്ടയാടും എന്നതായിരുന്നു ഇന്ത്യയുടെ നയം. അതു ശരിക്കും ഫലം കണ്ടു- പനേസര്‍ പറഞ്ഞു.

ഇന്ത്യന്‍ കളിക്കാരെ ഭീഷണിപ്പെടുത്താമെന്നാണ് ഇംഗ്ലണ്ട് കരുതിയത്. പക്ഷ, വിരാട് കോഹ്ലിയുടെ ശരിക്കുള്ള സ്വഭാവം അവര്‍ക്ക് അറിയില്ലായിരുന്നു. വിരാട് ഒരിക്കലും ക്ഷമിക്കില്ല. പ്രശ്‌നമെന്തായാലും എല്ലാ വഴിക്കും വിരാട് ടീമിനെ പിന്തുണയ്ക്കും. തന്റെ കളിക്കാരെ അപമാനിക്കുന്നത് വിരാട് ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. എല്ലാം തുടങ്ങിയത് ഇംഗ്ലണ്ടാണ്. പക്ഷ, അവരുടെ തന്ത്രം അവര്‍ക്കു തന്നെ വിനയായി. ഇന്ത്യയോട് ഇടയരുത്. സഹതാരങ്ങളെ മെക്കിട്ടു കയറിയാല്‍ വിരാട് വെറുതെയിരിക്കില്ല. ഉരുളയ്ക്ക് ഉപ്പേരിപോലെ കോഹ്ലി മറുപടി നല്‍കുമെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

ലോര്‍ഡ്‌സില്‍ അഞ്ചാം ദിനം ഋഷഭ് പന്തിനെ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതാണ്. പിന്നീട് ക്രീസില്‍ നിന്ന ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും പ്രകോപിപ്പിച്ച് പുറത്താക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ പദ്ധതി. എന്നാല്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ക്ക് ചുട്ടമറുപടി നല്‍കിയ ഇന്ത്യന്‍ സഖ്യം മത്സരം എതിരാളിയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.