ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസന്റെ റോളിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജുവിന്റെ പൊസിഷനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു എന്നാണ് സൂര്യകുമാർ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാവരും കരുതിയത് സഞ്ജുവിന് പകരം ജിതേഷിനെ ഇറക്കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഏത് പൊസിഷനായാലും സഞ്ജു ടീമില്‍ വേണമെന്നുള്ള കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിന് വളരെ വ്യക്തതയുണ്ടായിരുന്നു’, സൂര്യകുമാർ പറഞ്ഞു.
‘സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് എന്റെ മനസിലും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ആദ്യത്തെ പ്രാക്ടീസ് സെഷന്‍ മുതല്‍ തന്നെ സഞ്ജു നെറ്റ്‌സിന് പിറകിലുണ്ടായിരുന്നു. ഗൗതം ഭായ്‌യും ഞാനും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവസാനത്തെ 15 ടി20 മത്സരങ്ങളില്‍ സഞ്ജു നന്നായി കളിച്ചിരുന്നുവെന്ന് കോച്ച് പറയുകയും ചെയ്തു. ബാറ്റിങ് പൊസിഷന്‍ മാറിയേക്കാമെന്നും കുറച്ചു പന്തുകള്‍ മാത്രമായിരിക്കും കിട്ടുകയെന്നും ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇംപാക്ട് ടീമിന് ആവശ്യമായിരിക്കുമെന്നും പറഞ്ഞു. എപ്പോള്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയാലും അത് ടീമിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്’ സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ ഏഴു മത്സരങ്ങളിൽ നിന്നുമുള്ള നാല് ഇന്നിങ്‌സുകളിൽ നിന്നായി 132 റൺസാണ് സഞ്ജു സാംസൺ അടിച്ചെടുത്തത്. അഭിഷേക് ശർമയ്ക്കും, തിലക്ക് വർമ്മയ്ക്കും ശേഷം ഇന്ത്യക്കായി ചുരുങ്ങിയ ഇന്നിങ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ.
Read more
CREDITS: KRISHNENDU K K, AZIYA SHA, SANDRA K RAJU







