2026 ഐപിഎലിനു മുന്നോടിയായി നടക്കുന്ന മിനി താരലേലത്തിൽ ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഓസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ റെക്കോർഡാണ് കാമറൂൺ ഗ്രീൻ മറികടന്നത്.
എന്നാൽ 25.20 കോടി രൂപയ്ക്ക് വിളിച്ചെടുത്തെങ്കിലും 18 കോടിയാണ് താരത്തിന് ലഭിക്കുക. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.
Read more
ടീമില്‍ നിലനിർത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്തൊരു വിദേശ താരത്തിനായി മുടക്കുന്ന ഉയര്‍ന്ന തുകയോ ഏതാണ് കുറവെങ്കില്‍ അത് മാത്രമാകും എത്ര ഉയര്‍ന്ന തുകയക്ക് ഒരു വിദേശ താരത്തെ വിളിച്ചെടുത്താലും ആ വിദേശ താരത്തിന് കൈയില്‍ കിട്ടുക. നിലവില്‍ ഒരു ടീമിന് നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി പരമാവധി മുടക്കാവുന്ന തുക 18 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 25.20 കോടി രൂപക്ക് കൊല്‍ക്കത്ത വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രം കൈയില്‍ കിട്ടുക.







