ലോഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, ഐറിഷ് വിപ്ലവം വിജയിക്കുമോ?

ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും പുതുമുഖങ്ങളായ അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ലോര്‍ഡ്‌സില്‍ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒമ്പതിന് 303 എന്ന നിലയിലാണ്. രണ്ട് ദിവസവും ഒരു വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ക്ക് 181 റണ്‍സിന്റെ ലീഡുണ്ട്. ഇതോടെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ജയിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്.

സ്റ്റുവര്‍ട്ട് ബ്രോഡ് (21), ഒല്ലി സ്റ്റോണ്‍ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 85 നെതിരെ അയര്‍ലന്‍ഡ് 207ന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്സി ല്‍ 122 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ നേടിയത്.

മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് അഡൈറും രണ്ട് വീതം വിക്കറ്റ് നേടിയ ബോയ്ഡ് റാങ്കിന്‍, സ്റ്റുവര്‍ട്ട് തോംപ്സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാക്ക് ലീഷാണ് (92) ഇംഗ്ലണ്ടിന്റെ ടോപ് സകോറര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന ജേസണ്‍ റോയ് 72 റണ്‍സെടുത്തു.

റോറി ബേണ്‍സ് (6), ജോ ഡെന്‍ലി (10), ജോ റൂട്ട് (31), ജോണി ബെയര്‍സ്റ്റോ (0), മൊയീന്‍ അലി (9), ക്രിസ് വോക്സ് (13), സാം കുറാന്‍ (37) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ബ്രോഡ്, സ്റ്റോണ്‍, കുറാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ 207-ല്‍ ഒതുക്കിയത്.