അട്ടിമറികളുടെ മാതാവിനെ കാത്ത് ക്രിക്കറ്റ് ലോകം, ഐറിഷ് വിപ്ലവം വിജയം കാണുമോ?

ലോക ചാമ്പ്യന്‍മാരെന്ന പൊന്‍കിരീടവും ചൂടി അയര്‍ലന്‍ഡിനെതിരെ നേരിടാന്‍ ലോഡ്‌സിലിറങ്ങിയ ഇംഗ്ലണ്ട് സമാനതകളില്ലാത്ത ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ഇരയായപ്പോള്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത് അട്ടിമറികളുടെ മാതാവിനെ. പ്രതിഭകള്‍ക്ക് മാത്രം പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അട്ടിമറിയുടെ ഫലമറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മത്സരം പരാജയപ്പെട്ടാല്‍ ഉടന്‍ നടക്കുന്ന ആഷസില്‍ ഇംഗ്ലണ്ട് കനത്ത വില നല്‍കേണ്ടി വരും.

ഒന്നാം ഇന്നിംഗ്‌സില്‍ കേവലം 85 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് മറുപടിയായി അയര്‍ലന്‍ഡ് 207 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ 122 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഐറിഷ് പടയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ഒരോവര്‍ മാത്രം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് റണ്‍സൊന്നും എടുക്കാനായിട്ടില്ല. ഇതോടെ 20 വിക്കറ്റാണ് ഒറ്റ ദിവസം കൊണ്ട് ലോഡ്‌സില്‍ കടപുഴകിയത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ്, സ്‌റ്റോണ്‍, സാം കുറാണ്‍ എന്നിവരുടെ മികവിലാണ് അയര്‍ലന്‍ഡിനെ 58.2 ഓവറില്‍ ഇംഗ്ലണ്ട് 207 റണ്‍സിന് പിടിച്ച് കെട്ടിയത്. മൊയീന്‍ അലി ഒരു വിക്കറ്റും വീഴ്ത്തി.

അയര്‍ലന്‍ഡിനായി ബാല്‍ബിര്‍നെ അര്‍ദ്ധ സെഞ്ച്വറി (55) നേടി. സ്റ്റിംഗ് (36) ഒബ്രിയോണ്‍ (28*) എന്നിവരും ഐറിഷ് നിരയില്‍ പിടിച്ച് നിന്നു.

നേരത്തെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന അയല്‍ക്കാര്‍ക്ക് മുന്നില്‍ കേവലം 23.4 ഓവറിലാണ് ഇംഗ്ലണ്ട് വെറും 85 റണ്‍സിന് പുറത്തായത്്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അയര്‍ലന്‍ഡിനായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം മുര്‍ത്താഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിറും രണ്ട് വിക്കറ്റ് വീഴ്ത്തിയ റാങ്കിനുമാണ് ഇംഗ്ലഷ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് മുര്‍ത്താഗ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഒരു ഐറിഷ് താരത്തിന്റെ ടെസ്റ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോഡ് മുര്‍ത്താഗ് സ്വന്തമാക്കി. 32 റണ്‍സ് വഴങ്ങിയാണ് ആദിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. റാങ്കിനാകട്ടെ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന യുവതാരം ജോസ് ഡെന്‍ലിയാണ് ഇംഗ്ലീഷ് നിരയില്‍ ടോപ് സ്‌കോറര്‍. ഡെന്‍ലി 23 റണ്‍സെടുത്തു. സാം കുറണ്‍ 18-ഉം സ്റ്റോണ്‍ 19-ഉം റണ്‍സെടുത്ത് പുറത്തായി.

ബണ്‍സ് (6) ജാസണ്‍ റോയ് (5), ജോറൂട്ട് (2) സ്റ്റുവട്ട് ബ്രോഡ് (3) എന്നിങ്ങനെ ഒറ്റ അക്കത്തില്‍ ബ്രയ്സ്ത്രോ മൊയീന്‍ അലി ആദം വോക്സ് പൂജ്യരായും മടങ്ങി.