അരങ്ങേറ്റ മത്സരത്തിന് തൊട്ട് പിന്നാലെ യുവതാരത്തെ സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്, കാരണം ഇതാണ്

ന്യൂസിലഡിനെതിരായ ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഒല്ലി റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്. താരത്തിന്റെ എട്ട് വര്‍ഷം മുമ്പുള്ള സെക്സിസ്റ്റ് റേസിസ്റ്റ് ട്വീറ്റുകള്‍ അരങ്ങേറ്റത്തിന് പിന്നാലെ വിവാദമായതോടെയാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ നടപടി.

സംഭവത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷമാകും താരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. അതുവരെ താരത്തിന് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കളിക്കാനാവില്ല. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ റോബിന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് എട്ട് വര്‍ഷം മുമ്പ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സന്‍ സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു.

Ollie Robinson forced to apologise after vile racist and sexist tweets from  England cricket debutant's past emerge

“കൗമാരകാലത്ത് യോര്‍ക്ക്ഷെയറില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് മാനസികമായി ആകെ തകര്‍ന്നിരിക്കുമ്പോള്‍ നടത്തിയ ട്വീറ്റുകളാണ് അത്. അതെല്ലാം ഇപ്പോഴും അവിടെയുണ്ടാകുമെന്ന് കരുതിയില്ല, എങ്കിലും അന്ന് നടത്തിയ പരമാര്‍ശങ്ങളുടെ പേരില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.”

“ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവില്ല. വ്യക്തിയെന്ന നിലയില്‍ താന്‍ ഏറെ പക്വത നേടിയെന്നും അതുകൊണ്ടുതന്നെ പക്വതയില്ലാത്ത കാലത്ത് നടത്തിയ പരാമര്‍ങ്ങളുടെ പേരില്‍ മാപ്പ് പറയുന്നു” റോബിന്‍സന്‍ വ്യക്തമാക്കി.