പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ റണ്‍ ചേസ്; 20 വര്‍ഷത്തിനിടയ്ക്ക് ആദ്യം!

പാകിസ്ഥാനെതിരായുള്ള ഇംഗ്ലണ്ടിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തെ മാസ്മരികം എന്നു തന്നെ വിശേഷിപ്പിക്കാം. കാരണം, മത്സരത്തിന്റെ മൂന്ന് ദിവസവും ആധിപത്യം പുലര്‍ത്തിയിരുന്ന പാക് പടയെ ഒറ്റം ദിനം കൊണ്ടാണ് ഇംഗ്ലണ്ട് പട മെരുക്കിയെടുത്ത് വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. 277 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 82.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ മറികടക്കല്‍ 20 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി സംഭവിച്ച റണ്‍ ചേസ് കൂടിയായിരുന്നു.

2000ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരേ ഒരു ടീം ടെസ്റ്റില്‍ 250 റണ്‍സിനു മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പ് 2000-ന് ശേഷം 34 ടെസ്റ്റുകളിലാണ് പാകിസ്ഥാന്‍ 250 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതില്‍ 26 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങള്‍ സമനിലയിലായി. ഒന്നില്‍ പോലും തോറ്റിട്ടില്ലായിരുന്നു. ആ ചരിത്രമാണ് ഇംഗ്ലണ്ട് പട തിരുത്തികുറിച്ചത്.

England vs Pakistan, 1st Test video highlights: Woakes, Buttler ...

ഒരു ഘട്ടത്തില്‍ അഞ്ചിന് 117 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ഒത്തുചേര്‍ന്ന ബട്ലര്‍-വോക്സ് കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ക്രിസ് വോക്‌സ് 84 റണ്‍സ് നേടി പുറത്താകാതെ നിന്നും ജോസ് ബട്‌ലര്‍ 75 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ബട്ലര്‍-വോക്സ് കൂട്ടുകെട്ട് 139 റണ്‍സാണ് അടിച്ചുകൂട്ടിയത്.

England vs Pakistan: Pakistan

എട്ടിന് 137 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്ഥാന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി.