പൂവ് പറിക്കുന്ന ലാഘവത്തിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, പരമ്പര സമനിലയിൽ

ഈ തോൽവി ചോദിച്ച് മേടിച്ചതാണ്. അഞ്ചാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിനവും നല്ല വ്യക്തമായ ആധിപത്യം പുലർത്തുക. അതിനുശേഷം നിസ്സഹരായി തോൽക്കുക. ഇന്ത്യൻ താരങ്ങൾ വരുത്തിവെച്ചത് എന്നതല്ലാതെ ഈ തോൽവിയെ വിശേഷിപിപ്പിക്കാൻ വാക്കുകൾ ഇല്ല.

ആദ്യ മൂന്ന് ദിവസങ്ങൾ നോക്കിയാൽ കളി ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നു. അതിനുശേഷം ഇംഗ്ലണ്ട് രീതികൾ പ്രത്യേകിച്ച് അവരുടെ റൺ പിന്തുടരുമ്പോൾ ഉള്ള ആധിപത്യം അറിയാവുന്ന ടീം വെച്ചുകൊടുത്തതോ 376 റൺസിന്റെ ലക്‌ഷ്യം മാത്രം.

ട്വന്റി 20 രീതിയിൽ തകർത്തടിക്കാൻ കെല്പുള്ള ടീമിനെ സംബന്ധിച്ച് പൂവ് പറിക്കുന്നതുപോലെ നിസാരമായിരുന്നു കാര്യങ്ങൾ. ആദ്യ ഇന്നിങ്സിലെ തനിയാവർത്തനം പോലെ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോ ഈ ടൂർണമെന്റിലെ തകർപ്പൻ ഫോം തുടർന്ന മുൻ നായകൻ ജോ റൂട്ട് എന്നിവരുടെ മികവിലാണ് 7 വിക്കറ്റിന്റെ വിജയം ടീം നേടിയത്. നാലാം ദിനം മൂന്ന് വിക്കറ്റെടുത്ത ഇന്ത്യക്ക് അവസാന ദിനം ഇംഗ്ലീഷ് താരങ്ങളെ ഒന്ന് പരീക്ഷിക്കാൻ പോലുമായില്ല എന്നത് വിഷമകരമാണ്.

എന്തായാലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് സാധ്യതകളെ ബാധിച്ച തോൽവിയാണ് ഇന്ത്യക്ക് കിട്ടിയേക്കുന്നത്. പരമ്പര സമനിലയിൽ അവസാനിച്ചെങ്കിലും ഇത്ര ആധിപത്യം പുലർത്തിയ മത്സരം എങ്ങനെ തൊട്ടു എന്ന് ചിന്തിക്കേണ്ട ഒന്നാണ്.