അച്ചടക്ക ലംഘനത്തിന് ഇംഗ്ലണ്ടും മോശമല്ല; ഇസിബി സിഇഒയും പ്രതിക്കൂട്ടില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിനെ അവതാളത്തിലാക്കിയ കോവിഡ് ഭീതിക്ക് കാരണമെന്ന നിഗമനത്തിലാണ് പലരും. ബയോബബിള്‍ ലംഘിച്ച ശാസ്ത്രിയെയും ഇന്ത്യന്‍ താരങ്ങളെയും ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അച്ചടക്ക ലംഘനത്തിന്റെ കാര്യത്തില്‍ ഇംഗ്ലണ്ടും അത്ര മോശമല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

ഓവലിലെ നാലാം ടെസ്റ്റിന് മുന്‍പായി, ഓഗസ്റ്റ് 31നാണ് ശാസ്ത്രിയുടെ പുസ്തക പ്രകാശനം നടന്നത്. ലണ്ടനിലെ അത്യാഢംബര ഹോട്ടല്‍ ആതിഥ്യം ഒരുക്കിയ ചടങ്ങില്‍ ഇസിബി (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) സിഇഒ ടോം ഹാരിസണും പങ്കെടുത്തതായാണ് വിവരം. ചടങ്ങില്‍ 150 അതിഥികളുണ്ടായിരുന്നെന്നാണ് അറിയുന്നത്. ഹോട്ടല്‍ സ്റ്റാഫുകള്‍ ഒഴികെ ആരും മാസ്‌ക് ധരിച്ചില്ലെന്നും ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more

സെപ്റ്റംബര്‍ അഞ്ചിനാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍. ശ്രീധറും ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേലും ഐസൊലേഷനില്‍ പോയി. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വീഴുകയും ചെയ്തു.